തേജസ് വിമാനാപകടം: ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; പൈലറ്റിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും
text_fieldsന്യൂഡൽഹി: ദുബൈ വ്യോമ പ്രദർശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ അന്വേഷണം തുടങ്ങി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദുബൈ ഏവിയേഷൻ അധികൃതരുടെ സഹായം വ്യോമസേന തേടിയതായി റിപ്പോർട്ട്.
ഒരു എയർമാർഷലിന്‍റെ നേതൃത്വത്തിലാണ് കോർട്ട് ഓഫ് എൻക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അതേസമയം, അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമൻഷ് ശ്യാലിന്റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മൻഷ് ശ്യാലിന്റെ പിതാവ് അറിയുന്നത്.
ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകർന്നുവീണത്. വ്യോമ പ്രദർശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.
തേജസ്സ് വിമാനം വികസിപ്പിച്ച് 24 വർഷത്തിനിടെ രണ്ടാം തവണയാണ് തകരുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ജയ്സാൽമീറിൽവെച്ച് തേജസിന്റെ ആദ്യ അപകടം റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച 40 തേജസ് വിമാനങ്ങൾക്കാണ് വ്യോമസേന ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ) ഓർഡർ നൽകിയത്. ഇതിൽ മൂന്നു വിമാനങ്ങൾ കൂടി എച്ച്.എ.എൽ വ്യോമസേനക്ക് കൈമാറാനുണ്ട്. ലഭിച്ച 37 വിമാനങ്ങൾ രണ്ട് സ്ക്വാഡറനുകളായി സേന വിന്യസിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 2021ൽ വ്യോമസേനക്കായി 83 തേജസ് എം.കെ -1 എ വിമാനങ്ങൾ നിർമിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാർ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് നൽകിയിരുന്നു. മിഗ് 29 യുദ്ധ വിമാനവും 2035ഓടെ മിറാഷ് യുദ്ധ വിമാനവും സേവനം അവസാനിപ്പിക്കുന്നതോടെ തേജസ് വിമാനങ്ങൾ പകരമായി എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

