‘തേജസ്’ വിമാനാപകടം: അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ വ്യോമസേന
text_fieldsന്യൂഡൽഹി: ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈ എയർ ഷോയിലെ പ്രകടനത്തിനിടെ തകർന്നുവീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.
വിമാനം പറത്തിയ പൈലറ്റിന്‍റെ മരണത്തിൽ അനുശോചിച്ച വ്യോമസേന, ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ഓടെയാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം ദുബൈ എയർ ഷോക്കിടെ തകർന്നുവീണത്. അപകടത്തിൽ തേജസ് പറത്തിയ പൈലറ്റ് കൊല്ലപ്പെട്ടു.
ആദ്യ റൗണ്ടിലെ ഗ്രൂപ്പ് അഭ്യാസം തേജസ് പൂർത്തിയാക്കിയിരുന്നു. തുടർന്ന് രണ്ടാം റൗണ്ട് ഒറ്റക്ക് അഭ്യാസത്തിനായി പറന്നുയർന്ന ഉടൻ വിമാനം താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുകയാണ്.
വലിയ ജനക്കൂട്ടത്തിന് മുന്നിൽ വിമാനങ്ങളുടെ ആകാശപ്രദർശനം പുരോഗമിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എയർ ഷോ താൽകാലികമായി നിർത്തിവെച്ചു.
രണ്ടുവർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന വ്യോമയാന മേഖലയിലെ ആഗോള പ്രശസ്തമായ ദുബൈ എയർ ഷോ നവംബർ 17നാണ് ആരംഭിച്ചത്. ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് തേജസിന്‍റെ അപകടം. ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലാണ് ഷോ നടന്നത്.
മേളയിൽ ഇത്തവണ 1500ലേറെ പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനമുണ്ടായിരുന്നു. 150ലേറെ രാജ്യങ്ങളിൽ നിന്നായി 1.48 ലക്ഷം പ്രഫഷനലുകളും നൂതന സംരംഭകരും ഭാവി വ്യോമയാന മേഖലയുടെയും ബഹിരാകാശ മേഖലയുടെയും സാങ്കേതികവിദ്യകൾ കാണാനും പരിചയപ്പെടാനുമായി മേളക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

