എന്റെ സഹോദരിയെ ഇങ്ങനെ അപമാനിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല; ലാലുവിന്റെ കുടുംബതർക്കത്തിൽ പ്രതികരിച്ച് മൂത്ത മകൻ
text_fieldsപട്ന: ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ആർ.ജെ.ഡി സ്ഥാപകനും മുതിർന്ന നേതാവുമായ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും വിള്ളൽ. കുടുംബാംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രോഹിണി ആചാര്യയാണ് കഴിഞ്ഞദിവസം രംഗത്തുവന്നത്. കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്നും പിതാവിന് വൃക്ക ദാനം ചെയ്തതിന്റെ പേരിൽ താൻ ഒരുപാട് പഴികേട്ടെന്നുമാണ് രോഹിണി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
അതിനിടെ രോഹിണിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ലാലുവിന്റെയും റാബ്റി ദേവിയുടെയും മൂത്ത മകനായ തേജ് പ്രതാപ് യാദവ്. തനിക്ക് എന്ത് സംഭവിച്ചാലും സഹിക്കാൻ പറ്റുമെന്നും എന്നാൽ തന്റെ സഹോദരിയെ ബുദ്ധിമുട്ടിച്ചാൽ ഏത് സാഹചര്യത്തിലായാലും നോക്കിനിൽക്കാൻ ബുദ്ധിമുട്ടാണെന്നുമാണ് തേജ് പ്രതാപ് പ്രതികരിച്ചത്. രോഹിണി വെളിപ്പെടുത്തിയ കാര്യങ്ങൾ മനസിലെ വല്ലാതെ ഉലച്ചതായും തേജ് പ്രതാപ് പറഞ്ഞു. തന്റെ കുടുംബത്തെ ആക്രമിക്കുന്നത് ആരായാലും അവർക്ക് ബിഹാർ ജനതം തക്കതായ മറുപടി നൽകുമെന്നും തേജ് പ്രതാപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ലാലു കുടുംബവുമായി ഇടഞ്ഞ തേജ് പുതിയ പാർട്ടിയുണ്ടാക്കി ഒറ്റക്കാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ വിജയിക്കാൻ സാധിച്ചില്ല. തന്റെ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനായി എന്തും ചെയ്യാൻ തയാറാണെന്നും അതിനായി പിതാവിന്റെ സമ്മതം വാങ്ങുമെന്നും തേജ് പ്രതാപ് വ്യക്തമാക്കി.
''സഹോദരി രോഹിണിയുടെ നേരെ ചെരിപ്പ് എറിയാൻ ശ്രമിച്ചുവെന്ന വാർത്ത കേട്ടതുമുതൽ എന്റെ ഹൃദയത്തിലെ വേദന തീയായി മാറി. പൊതുജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുമ്പോൾ ബുദ്ധി നശിച്ചുപോകും. ഈ കുറച്ച് മുഖങ്ങൾ തേജസ്വിയുടെ ബുദ്ധിയെയും മൂടിയിരിക്കുന്നു''-തേജ് പ്രതാപ് ആരോപിച്ചു.
ഈ അനീതിയുടെ അന്തരഫലം ഭയാനകമായിരിക്കും.സമയത്തിന്റെ കണക്കുകൂട്ടൽ വളരെ കഠിനമാണ്. ബഹുമാനപ്പെട്ട ആർ.ജെ.ഡി ദേശീയ പ്രസിഡന്റും എന്റെ പിതാവും രാഷ്ട്രീയ ഗുരുവുമായ ലാലു പ്രസാദ് യാദവ്ജിയോട് ഞാൻ അഭ്യർഥിക്കുകയാണ്. പിതാവേ ഒരു സൂചന തരൂ...ഒരു തലയാട്ടൽ മതി. ബിഹാറിലെ ജനങ്ങൾ ഇവരെ കുഴിച്ചുമൂടും. ഈ പോരാട്ടം ഏതെങ്കിലും പാർട്ടിയെക്കുറിച്ചല്ല. ഇത് ഒരു കുടുംബത്തിന്റെ അന്തസിനും ഒരു മകളുടെ ആത്മാഭിമാനത്തിനും വേണ്ടിയുള്ളതാണ്''-തേജ് പ്രതാപ് കുറിച്ചു.
ഉത്തരവാദിത്തബോധമില്ലാതെ പെരുമാറുന്നുവെന്നാരോപിച്ച് ഇക്കഴിഞ്ഞ മേയിലാണ് തേജ് പ്രതാപിനെ ലാലു കുടുംബത്തിൽ നിന്നും ആർ.ജെ.ഡിയിൽ നിന്നും പുറത്താക്കിയത്. താനൊരു പ്രണയബന്ധത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇത് വിവാദമായതോടെ പിന്നീട് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് വെളിപ്പെടുത്തി രംഗത്തുവരികയും ചെയ്തിരുന്നു.
തന്റെ കുടുംബം തകരാൻ കാരണം ആർ.ജെ.ഡി നേതാവ് സഞ്ജയ് യാദവും ഇളയ സഹോദരൻ തേജസ്വി യാദവിന്റെ അടുത്ത സുഹൃത്തുമായ റമീസ് ഖാൻ ആണെനാണ് രോഹിണി ആചാര്യയുടെ ആരോപണം. അവർ കാരണമാണ് തനിക്ക് രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കേണ്ടി വന്നതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
താൻ പിതാവിന് ഏറ്റവും മോശമായ വൃക്ക ദാനം ചെയ്താണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞതായും രോഹിണി എക്സിൽ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

