ആ ഭീകര ദൃശ്യങ്ങൾ പകർത്തിയത് പ്ലസ്ടു വിദ്യാർഥി; 'പാഠ പുസ്തകങ്ങൾ വാങ്ങാൻ ആദ്യമായി അഹമ്മദാബാദിൽ, ദൃശ്യം പകർത്തിയത് അച്ഛന്റെ വാടക വീടിന് മുകളിൽ നിന്ന്', ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
text_fieldsന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനം തകർന്നു വീഴുന്ന ഭീകരമായ ദൃശ്യങ്ങൾ പകർത്തിയത് 17കാരൻ. ആര്യാവല്ലി ജില്ലക്കാരനായ ആര്യൻ അൻസാരിയാണ് അഹമ്മദാബാദിലെ വാടക വീടിന്റെ മുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങളുടെ ഉറവിടം സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സിറ്റി ക്രൈംബ്രാഞ്ച് സംഘം വിദ്യാർഥിയെ ചോദ്യം ചെയ്തു.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തെ ഒരു വാടക വീടിന്റെ ടെറസിൽ നിന്നാണ് ആര്യൻ ദൃശ്യം പകർത്തിയത്. പ്ലസ് ടു പ്രവേശനം നേടിയ വിദ്യാർഥി പാഠപുസ്തകങ്ങൾ വാങ്ങാൻ വേണ്ടിയാണ് അഹമ്മദാബാദിൽ എത്തിയത്. അവിടെ അച്ഛൻ വാടകക്ക് താമസിക്കാറുള്ള വീട്ടിൽ പോകുകയും വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടപ്പോൾ കൗതുകത്തോടെ മൊബൈലിൽ പകർത്തിയതാണെന്നും ആര്യൻ മൊഴി നൽകി.
'കഴിഞ്ഞ മാസം ഞാൻ 11-ാം ക്ലാസ് പരീക്ഷ പാസായി, 12-ാം ക്ലാസിൽ പ്രവേശനം നേടി. ജൂൺ 12-ന് പാഠപുസ്തകങ്ങൾ വാങ്ങാൻ ഞാൻ അഹമ്മദാബാദിൽ എത്തി. ഉച്ചയ്ക്ക് 12.30 ഓടെ ഞാൻ എന്റെ അച്ഛന്റെ വാടക വീട്ടിലെത്തി. വിമാനം പറക്കുന്നത് അടുത്തുനിന്ന് കാണാം എന്ന് കേട്ടപ്പോൾ ടെറസിൽ കയറി. ഇത്രയും അടുത്ത് നിന്ന് ഒരു വിമാനം ഞാൻ കണ്ടിട്ടില്ലാത്തതിനാൽ അതിലൂടെ പറന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ, അത് വിമാനത്താവളത്തിന്റെ മറുവശത്ത് ഇറങ്ങാൻ പോകുകയാണെന്ന് ഞാൻ കരുതി. പിന്നീട് അത് തകർന്നുവീണ് എന്റെ കൺമുന്നിൽ തീപിടിച്ചു. അത് ഭയാനകമായിരുന്നു.'-ആര്യൻ പറഞ്ഞു.
വിരമിച്ച ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ആര്യന്റെ പിതാവ് അടുത്തിടെ അഹമ്മദാബാദ് മെട്രോയിൽ സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ചത്. മേഘാനിനഗറിൽ വിമാനത്താവളത്തിനും അപകടസ്ഥലത്തിനും ഇടയിൽ രണ്ട് നിലകളുള്ള ഒരു വാടക താമസസ്ഥലത്താണ് അദ്ദേഹം താമസിച്ചിരുന്നത്.
അതേസമയം, എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 32 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 14 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായും അഡീഷനൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ അറിയിച്ചു. രൂപാണിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഡി.എൻ.എ പൊരുത്തത്തെക്കുറിച്ച് അവരെ അറിയിച്ചതായി ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു. വിമാനാപകട സ്ഥലത്തുനിന്ന് ഇതുവരെ 270 മൃതദേഹങ്ങളാണ് അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ എത്തിച്ചത്.
വിമാനാപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദുരന്തം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ കേന്ദ്രം ഉന്നതതല സമിതി രൂപവത്കരിച്ചിരുന്നു. അപകടത്തിന്റെ കാരണങ്ങൾ പഠിക്കുന്ന സമിതി ദുരന്തം ആവർത്തിക്കാതിരിക്കാൻ സമഗ്രമായ മാർഗനിർദേശങ്ങൾ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

