‘ഞാനൊരു പതിനഞ്ചുകാരി, എന്നോട് ക്ഷമിക്കൂ..’; മോദിയെ ‘ആക്ഷേപിച്ച’തിൽ കേസെടുത്തതിനു പിന്നാലെ മാപ്പ് പറഞ്ഞ് പെൺകുട്ടി
text_fieldsന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്ത പെൺകുട്ടി മാപ്പ് പറഞ്ഞു. ഓൺലൈനിൽ പ്രചരിക്കുന്ന വിഡിയോയിലൂടെയാണ് പെൺകുട്ടി മാപ്പ് പറയുന്നത്. കൈകൂപ്പിയാണ് ക്ഷമാപണം. എന്നാൽ, ഈ വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും തന്നോട് ക്ഷമിക്കൂ എന്നും പ്രതിഷേധക്കാർ എന്തെങ്കിലും പറയാൻ പറഞ്ഞതിനെ തുടർന്നാണ് ഈ പരാമർശമെന്നും പെൺകുട്ടി പറയുന്നു. ഇത് തന്‍റെ ആദ്യത്തെയും അവസാനത്തേയും തെറ്റാണെന്നും വിഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. പെൺകുട്ടിക്ക് എഫ്.ഐ.ആറിൽ 25 വയസ്സ് പ്രായമുണ്ടെന്ന് പരാമർശിച്ചിരുന്നു. എന്നാൽ തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്ന് ക്ഷമാപണ വിഡിയോയിൽ പറയുന്നു.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്റെ പേരിൽ ബുധനാഴ്ച നോയിഡ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സീറോ എഫ്.ഐ.ആർ ഫയൽ ചെയ്യുകയായിരുന്നു. പിന്നീട് അത് ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പെൺകുട്ടിയുടെ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പൊതുസമാധാനം തകർക്കുമെന്നും പറഞ്ഞാണ് പരാതി.
അതിനിടെ ഇൻസ്റ്റഗ്രാമിൽ പുതിയ വിഡിയോ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നതായും പറഞ്ഞിരുന്നു. വിദ്യാർഥികൾക്ക് വഴിതെറ്റിയതാണെന്നും ശിക്ഷക്കോ, നീണ്ട നിയമനടപടികൾക്കോ പകരം അവർക്ക് മാർഗനിർദേശമാണ് ആവശ്യമെന്നും മോദി വിഡിയോയിൽ പറയുന്നുണ്ട്. ‘ജന്തർ മന്തറിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യവും ലോകവും കണ്ടതാണ്. ചിലർ വളരെ മോശമായ പരാമർശം നടത്തി. ഒരു പരിഷ്കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവിടെ ഉയർന്നത്.
എനിക്കെതിരെയും പരേതയായ അമ്മക്കെതിരെയും അസഭ്യവർഷമുണ്ടായി; അത് എത്രത്തോളം വികൃതമായിരുന്നു എന്ന് പറയാൻ പോലും കഴിയില്ല. എന്നാൽ ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കാം, ആ തെറ്റുകൾ തിരുത്താനുള്ള അവസരമാണിത്. സമൂഹത്തിലുണ്ടായ അമർഷം എനിക്ക് നന്നായി മനസ്സിലാകും; നമ്മുടെ പെൺകുട്ടികൾക്ക് എങ്ങനെ ഇതുപോലൊരു ഭാഷ സംസാരിക്കാൻ കഴിഞ്ഞു എന്നത് എല്ലാവരെയും ഞെട്ടിച്ചു -മോദി വീഡിയോയിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് 15കാരിയുടെ വീഡിയോയും പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

