കാമുകിയെ കുത്തിക്കൊന്ന ശേഷം സോഫ്റ്റ്വെയർ എൻജിനീയർ ട്രെയിനിന് മുന്നിൽചാടി മരിച്ചു
text_fieldsശ്രേഷ്ഠ് മാലിക്ക്
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ യുവതിയെ കുത്തിക്കൊന്നശേഷം കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ സീതാപുർ സ്വദേശിനിയായ 25കാരി ഇഷാര അയൂബിയാണ് കാമുകന്റെ കുത്തേറ്റ് മരിച്ചത്. പ്രതിയായ ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശി സോഫ്റ്റ്വെയർ എൻജിനീയറായ 24കാരൻ ശ്രേഷ്ഠ് മാലിക്ക് ഇഷാരയെ കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തെന്നും പൊലീസ് അറിയിച്ചു.
ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഇഷാരയുടെ കുടുംബാംഗങ്ങൾക്ക് ശനിയാഴ്ച മുതൽ യുവതിയുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതോടെ അവർ ഗുരുഗ്രാമിലെ സെക്ടർ 56 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് അത് സെക്ടർ 55ലെ ശ്രേഷ്ഠ് മാലിക്കിന്റെ പേയിങ് ഗസ്റ്റ് താമസസ്ഥലത്താണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് മുറി തുറന്ന് പരിശോധിച്ചപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഇഷാരയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ശരീരത്തിൽ കുത്തേറ്റ നിരവധി പാടുകളുണ്ടായിരുന്നുവെന്നും മുറിയിൽ രക്തക്കറകൾ വ്യാപിച്ചുകിടന്നിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അന്വേഷണത്തിനിടെ ഗാർഹി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ ശ്രേഷ്ഠ് മാലിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽനിന്നാണ് മരിച്ചത് ശ്രേഷ്ഠ് മാലിക്കാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് യുവതി ശ്രേഷ്ഠ് മാലിക്കിന്റെ പിജി താമസസ്ഥലത്തേക്ക് താമസം മാറിയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കാമുകിയെ കൊലപ്പെടുത്തിയശേഷം ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരുടെയും മരണത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുവരുടെയും മൊബൈൽ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് കണ്ടെത്താൻ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മൊഴികളും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

