ഓട്ടിസവും ഓട്ടോഇമ്യൂൺ പ്രശ്നവും ചികിത്സിക്കാൻ പൂജ; ഐ.ടി ജീവനക്കാരനിൽ നിന്ന് ആൾദൈവവും കൂട്ടാളികളും തട്ടിയത് 17 കോടി, വലവിരിച്ച് പൊലീസ്
text_fieldsപൂണെ: അസുഖബാധിതയായ മകളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഐ.ടി ജീവനക്കാരനിൽ നിന്ന് ഏഴുവർഷത്തിനിടെ 14 കോടി തട്ടിയെടുത്ത സംഘത്തിനായി വലവിരിച്ച് പൂണെ പൊലീസ്. സന്യാസിനി അടക്കമുള്ള സംഘത്തിനായാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
ബഹുരാഷ്ട്ര ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്ന യുവാവാണ് കഴിഞ്ഞ ദിവസം പുണെ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓട്ടോ ഇമ്യൂൺ ആരോഗ്യാവസ്ഥയും ഓട്ടിസവും ബാധിച്ച ഇയാളുടെ രണ്ട് പെൺമക്കളെ ചികിത്സിച്ച് ഭേദമാക്കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
2018ൽ ഒരു ഭക്തി പരിപാടിയിൽ ഭജനക്കെത്തിയ ആളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ ദമ്പതികൾക്ക് പരിചയപ്പെടുത്തിയത്. സിദ്ധന്റെ ആത്മാവ് ശരീരത്തിൽ പ്രവേശിക്കാറുണ്ടെന്നും ഇതിലൂടെ എല്ലാ അസുഖവും സുഖപ്പെടുത്തുമെന്നും ദമ്പതികൾ അവകാശപ്പെടുകയായിരുന്നു. തുടർന്ന്, സ്വത്തുവിവരങ്ങളും ആസ്തികളും ചോദിച്ചറിഞ്ഞ മൂവരും ചേർന്ന് ഇവരെ സമർഥമായി കെണിയിൽ വീഴ്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അസുഖങ്ങൾ മാറാൻ പ്രത്യേക പൂജ മുതൽ പ്രാർഥന യോഗങ്ങൾ വരെ സംഘടിപ്പിക്കാനെന്ന പേരിൽ തട്ടിപ്പുകാർ പണം കൈപ്പറ്റി. ബ്രിട്ടണിലെ കുടുംബത്തിന്റെ വീട് മുതൽ നാട്ടിൽ വിവിധയിടങ്ങളിലെ കൃഷിഭൂമിയടക്കമുള്ള വസ്തുവകകളാണ് ദൗർഭാഗ്യം കൊണ്ടുവരുന്നതെന്നായിരുന്നു പിന്നീട് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇവ വിൽക്കാൻ കുടുംബത്തെ സംഘം പ്രേരിപ്പിച്ചു. വിറ്റുകിട്ടുന്ന പണം ദൗർഭാഗ്യം കൊണ്ടുവരുമെന്ന് പറഞ്ഞ് ഇവർ സമർഥമായി തട്ടിയെടുത്തു. ഇതിനിടെ പൂജകൾക്ക് ചോദിച്ച വൻ തുകകൾ നൽകാനായി യുവാവ് ലോണുകൾ എടുക്കുകയും ബന്ധുക്കളിൽ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വർഷങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാതായതോടെയാണ് കുടുംബം തട്ടിപ്പ് സംശയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ആൾദൈവമടക്കമുള്ളവർക്കെതിരെ കേസെടുത്ത പൊലീസ് സംഘത്തിനായി തെരച്ചിൽ നടത്തിവരികയാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

