വിദ്യാർഥിയുടെ നെറ്റിയിലെ തിലകം മായ്ച്ചെന്ന് പരാതി; കൊൽക്കത്തയിൽ അധ്യാപികക്ക് സസ്പെൻഷൻ
text_fieldsകൊൽക്കത്ത: വിദ്യാർഥിയുടെ നെറ്റിയിലെ ചന്ദന തിലകം മായ്ച്ചുകളയാൻ നിർബന്ധിച്ചെന്ന പരാതിയിൽ കൊൽക്കത്തയിലെ സ്വകാര്യ മിഷനറി സ്കൂളിലെ അധ്യാപികയെ സസ്പെൻഡ് ചെയ്തു. അധ്യാപികക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് നടപടി.
സൗത്ത് കൊൽക്കത്തയിലെ ന്യൂ അലിപൂരിലുള്ള ഹോളി മിഷൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. തിലകം ധരിച്ച് സ്കൂളിലെത്തിയ തന്നോട് അധ്യാപിക അത് മായ്ച്ചുകളയാൻ ആവശ്യപ്പെടുകയും മുഖം കഴുകാൻ നിർബന്ധിക്കുകയും ചെയ്തതായി അഞ്ചാം ക്ലാസ് വിദ്യാർഥി ആരോപിച്ചിരുന്നു. വിദ്യാർഥി ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിഡിയോ പ്രചരിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവാദവും ഉയർന്നു.
വിദ്യാർഥിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ജില്ലാ സ്കൂൾ ഇൻസ്പെക്ടറുടെ ഓഫീസിൽനിന്ന് നോട്ടീസ് ലഭിച്ചതിനു പിന്നാലെ അധ്യാപികയെ സ്കൂൾ സസ്പെൻഡ് ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്പെൻഷൻ തുടരുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അതേസമയം, സംഭവത്തിൽ ചൂടിനെ തുടർന്ന് തിലകം മാഞ്ഞ് വിദ്യാർഥിയുടെ നെറ്റിയിലും മുഖത്തും പടർന്നതിനാലാണ് മുഖം കഴുകാൻ ആവശ്യപ്പെട്ടതെന്നും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് അധ്യാപിക നൽകിയ വിശദീകരണമെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. സംഭവം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും അവർ വ്യക്തമാക്കി. സ്കൂൾ അധികൃതർ പരിശോധിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ തിലകം ധരിച്ചതിന്റെ പേരിൽ അധ്യാപിക വിദ്യാർഥിയെ ഉപദ്രവിച്ചതായി വ്യക്തമാകുന്നില്ലെന്നും അധികൃതർ പറഞ്ഞു.
എന്നാൽ വിദ്യാർഥിയെ തിലകം ധരിച്ചതിന്റെ പേരിൽ നിരന്തരം ഉപദ്രവിച്ചെന്നും ക്ലാസിൽ പ്രവേശിക്കുന്നതിന് മുമ്പ് തിലകം നീക്കി മുഖം കഴുകാൻ നിർബന്ധിച്ചെന്നുമാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചത്. അധ്യാപികക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു. ന്യൂ അലിപൂർ പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 299-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഒരു വനിതാ ജീവനക്കാരിയെയും സസ്പെൻഡ് ചെയ്തതായി അധികാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രിയെയോ ഭരണഘടനാപദവി വഹിക്കുന്ന മറ്റേതെങ്കിലും വ്യക്തിയെയോ കുറിച്ച് സർക്കാർ ജീവനക്കാർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർ നിർദേശിക്കപ്പെട്ട പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നും അധികാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

