നന്നായി നൃത്തം ചെയ്തില്ലെന്ന്; വിദ്യാർഥികളെ ക്രൂരമായി മർദിച്ച് അധ്യാപകൻ, പതിമൂന്നോളം പേർക്ക് പരിക്ക്
text_fieldsrepresentational image
റാഞ്ചി: നന്നായി നൃത്തം ചെയ്തില്ലെന്ന് ആരോപിച്ച് ആറാം ക്ലാസ് വിദ്യാർഥികളോട് അധ്യാപകന്‍റെ ക്രൂരത. മരക്കഷണങ്ങൾ ഉപയോഗിച്ച് മർദിച്ച ശേഷം വിദ്യാർഥികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടാണ് അധ്യാപകൻ അരിശം തീർത്തത്. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മാതാപിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്ന് അധ്യാപകനായ വികാസ് തിരിൽ എക്കയെ പൊലീസ് അറസ്റ്റ് ചെയ്തു.
മർദനമേറ്റ പതിമൂന്നോളം വിദ്യാർഥികൾ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്. സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ചെങ്കിലും അധ്യാപകനെതിരെ നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. സാംസ്കാരിക പരിപാടിയുടെ പരിശീലനത്തിനിടെ കൃത്യമായി നൃത്തം ചെയ്യാത്തതിന് എക്ക തങ്ങളോട് ദേഷ്യപ്പെടുകയും മർദിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റ വിദ്യാർഥികൾ പറയുന്നത്.
'അധ്യാപകൻ തല്ലുന്നതിനിടയിൽ നാല് വടികളെങ്കിലും പൊട്ടിയിരുന്നു. എന്നിട്ടും മർദനം നിർത്തിയില്ല. ക്ഷീണിതനാകുന്നത് വരെ അദ്ദേഹം തല്ലി'- ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ(ബി.ഡി.ഒ)ക്ക് വിദ്യാർഥികൾ സമർപ്പിച്ച രേഖാമൂലമുള്ള പരാതിയിൽ പറഞ്ഞു. ബി.ഡി.ഒ പരാതി സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ അധ്യാപകനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. തുടർന്നാണ് സംഭവത്തിൽ കേസെടുത്തത്. സാംസ്കാരിക പരിപാടി പിന്നീട് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

