മുസ്‍ലിം ബാലനെ അടിക്കാൻ ടീച്ചറുടെ നിർദേശം: യോഗിയുടെ ബുൾഡോസർ എവിടെയെന്ന് കപിൽ സിബൽ എം.പി
text_fieldsകപിൽ സിബൽ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥിയെ തല്ലാൻ സഹവിദ്യാർത്ഥികളോട് ആവശ്യപ്പെടുന്ന അധ്യാപികയുടെ വീഡിയോ വൈറലായതിന് പിന്നാലെ യോഗിയുടെ ബുൾഡോസർ എവിടെയെന്ന് കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ പരസ്യമായി അപലപിക്കുകയോ അധ്യാപികയെ പ്രോസിക്യൂട്ട് ചെയ്യുമോ എന്നും രാജ്യസഭാ എം.പിയായ കപിൽ സിബൽ ചോദിച്ചു.
സ്‌കൂൾ അധ്യാപിക തന്റെ വിദ്യാർത്ഥികളോട് മുസ്‍ലിമായ വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്നതും സമുദായത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നതും കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളോടാണ് അധ്യാപിക കുട്ടിയെ തല്ലാൻ ആവശ്യപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ഞെട്ടലോടെയാണ് ലോകമെമ്പാടും ജനങ്ങൾ കണ്ടത്. ‘വിദ്വേഷത്തിന്റെ സംസ്കാരം’ ആണ് യു.പി.യിൽ കണ്ടതെന്ന് കപിൽസിബൽ പറഞ്ഞു. സംഭവം സത്യമാണെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിനെകുറിച്ച് സംസാരിക്കുമോ, അതോ വെറുപ്പിന്റെ’ സംസ്കാരം വളരാൻ അനുവദിക്കുമോയെന്നും ട്വിറ്ററിൽ കപിൽ സിബൽ ചോദിച്ചു.
കഴിഞ്ഞ ആഴ്ച, വിദ്യാസമ്പന്നരായ നേതാക്കൾക്ക് വോട്ട് ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിന് ഒരു അധ്യാപകന് ഇന്ത്യയിൽ ജോലി നഷ്ടപ്പെട്ടു. ഇപ്പോഴിതാ, ഉത്തർപ്രദേശിലെ അധ്യാപിക മുസ്ലീമായതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയെ തല്ലാൻ ആവശ്യപ്പെടുകയും അവർ ക്ഷമാപണം നടത്തിയെന്നു പറഞ്ഞ് വിട്ടയച്ചിരിക്കുകയുമാണ്. ഇത് വിദ്വേഷ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിദ്യാർത്ഥികളെ കൂടാതെ രണ്ട് പേരെ വീഡിയോയിൽ കാണുന്നുണ്ടെന്നും അവരിൽ ഒരാൾ അധ്യാപികയാണെന്നും മറ്റൊരാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യേഗസ്ഥനായ ശുഭം ശുക്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

