ബെൽറ്റും പൈപ്പും ഉപയോഗിച്ച് മർദ്ദിച്ചു, പിന്നീട് കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു; ഭിന്നശേഷി വിദ്യാർഥിക്ക് നേരെ അധ്യാപകന്റെ ക്രൂരത -VIDEO
text_fieldsഅധ്യാപകൻ വിദ്യാർഥിയെ മർദ്ദിക്കുന്ന ചിത്രം
ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലുള്ള റെസിഡൻഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അധ്യാപകനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ബാഗൽകോട്ടിലെ 'ദിവ്യജ്യോതി' സ്കൂളിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊടും പീഡനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സഹായത്തിനായി നിലവിളിക്കുന്ന വിദ്യാർഥിയെ തറയിലിട്ട് നിരന്തരമായി അധ്യാപകൻ തല്ലുന്നതായി വീഡിയോയിൽ കാണാം. പ്ലാസ്റ്റിക് പൈപ്പും ബെൽറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം. കുട്ടി ഓടിപ്പോകാതിരിക്കാൻ കാലുകൾ ബലമായി പിടിച്ചു വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. മർദ്ദനം തുടർന്ന് കുട്ടി തളർന്നു വീണിട്ടും അധ്യാപകൻ മർദ്ദിക്കുന്നത് നിർത്തിയില്ല. ഇതിനിടെ അധ്യാപകന്റെ ഭാര്യ കുട്ടിയുടെ കണ്ണുകളിലേക്ക് നേരിട്ട് മുളകുപൊടി എറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ നടുക്കുന്ന വസ്തുത എന്തെന്നാൽ, ഈ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി ചിരിക്കുന്നതായി വീഡിയോയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്. സ്കൂളിലെ മറ്റ് കുട്ടികളും കണ്ടുനിന്നവരും ഭയത്തോടെ നോക്കി നിൽക്കുന്നുണ്ടെങ്കിലും ആരും തന്നെ ഈ ക്രൂരത തടയാൻ മുന്നോട്ടുവന്നില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സംഭവം വിവാദമായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയും പ്രതികളായ അക്ഷയ്, ഭാര്യ ആനന്ദി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിലെ മറ്റ് കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

