ക്ലാസ് മുറിയിൽ വെച്ച് അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചു; ലഞ്ച് ബോക്സിൽ തോക്കുമായെത്തിയ വിദ്യാർഥി അധ്യാപകനെ വെടിവെച്ചു
text_fieldsചികിത്സയിൽ കഴിയുന്ന ഗംഗൻദീപ് സിങ് കോഹ്‌ലി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉധം സിങ് നഗർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ ഭൗതികശാസ്ത്രം അദ്ധ്യാപകനായ ഗംഗൻദീപ് സിങ് കോഹ്‌ലി ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതികാര നടപടിയുമായി വിദ്യാർത്ഥി. പിറ്റേ ദിവസം തന്റെ ലഞ്ച് ബോക്സിൽ തോക്ക് കൊണ്ടുവന്ന് അധ്യാപകനായ കോഹ്‌ലിയെ പിന്നിൽ നിന്ന് വെടിവച്ചതായി പൊലീസ് പറഞ്ഞു.
ഗുരുനാനാക്ക് സ്കൂളിലാണ് സംഭവം നടന്നത്. പിറകിൽ നിന്നും വെടി വെച്ചതിനാൽ അധ്യാപകന്റെ കഴുത്തിന് പിന്നിലാണ് മുറിവ് ഉണ്ടായതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴുത്തിന് പിന്നിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തതായി ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ച ഡോക്ടർ മായങ്ക് അഗർവാൾ സ്ഥിരീകരിച്ചു. കോഹ്‌ലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതൽ നിരീക്ഷണത്തിനായി അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകന്റെ മർദ്ദനം മൂലം 'സമരത്ത് ബജ്‌വ' എന്ന വിദ്യാർഥിയാണ് തന്റെ ലഞ്ച് ബോക്സിൽ തോക്ക് ഒളിപ്പിച്ച് ക്ലാസ് മുറിയിലേക്ക് കൊണ്ടുവന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഉച്ചഭക്ഷണത്തിന് മുമ്പുള്ള ഇടവേളക്ക് അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് പുറത്തുപോകുമ്പോഴാണ് വിദ്യാർഥി വെടി വെച്ചത്. ശേഷം സമരത്ത് ബജ്‌വ ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും സഹ അധ്യാപകർ കുട്ടിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 109 പ്രകാരം പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൗമാരക്കാരന് തോക്ക് എങ്ങനെ ലഭിച്ചുവെന്നും അധികൃതർ അന്വേഷിക്കുന്നുണ്ടെന്നും തോക്ക് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

