അധ്യാപകന്റെ ലൈംഗിക പീഡനം മൂലം വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: അധ്യാപകന്റെ ലൈംഗിക പീഡനം മൂലം വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകൻ മിഥുന് ചക്രവര്‍ത്തിയാണ് അറസ്റ്റിലായത്. അധ്യാപകനെതിരേ ആത്മഹത്യ പ്രേരണ, കുട്ടിയെ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. കൗമാരക്കാരി വ്യാഴാഴ്ച ജീവനൊടുക്കിയത്.
കോയമ്പത്തൂരിലെ ചിന്മയ വിദ്യാലയ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു പെൺകുട്ടി. തന്നെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മിഥുന് ചക്രവര്‍ത്തിയാണെന്ന് എഴുതിവെച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി സമയത്ത് സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാൾ.
ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേസ്കൂളിലെ അധ്യാപികയായിരുന്നു. സംഭവം മറച്ചുവെക്കാനാണ് ഇവരും ശ്രമിച്ചത്. ഇതേതുടര്‍ന്ന് മാനസികസംഘര്‍ഷത്തിലായ കുട്ടി തന്നെ സ്കൂള്‍ മാറ്റണമെന്ന് മാതാപിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബറോട് കുട്ടിയെ മാതാപിതാക്കള്‍ മറ്റൊരു സ്കൂളില്‍ ചേര്‍ത്തു.
പെണ്‍കുട്ടിക്ക് പുതിയ സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നൽകിയിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.