മകനെ നഷ്ടപ്പെട്ട ചായക്കടക്കാരി, അമ്മയും മകളും മരിച്ച മെസ് ജീവനക്കാരൻ: സാധാരണ ജീവിതത്തിലേക്കു മടങ്ങാനാവാതെ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ
text_fieldsഅപകടത്തിൽ ജീവൻ നഷ്ടമായ രണ്ടു വയസ്സുകാരി ആധ്യ
അഹ്മദാബാദ്: ‘അതുല്യം’ എന്ന് പേരുള്ള ആ കാമ്പസ് ഹോസ്റ്റലിന്റെ പ്രധാന ഗേറ്റിന് പുറത്ത് ഒരു മാസം മുമ്പ് വരെ സീത പട്നി ഒരു ചായക്കട നടത്തിയിരുന്നു. എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാർ രമേശ് കയ്യിൽ മൊബൈൽ ഫോണുമായി പുറത്തേക്ക് നടക്കുന്നത് വൈറൽ വിഡിയോകളിൽ കാണിച്ചിരിക്കുന്ന അതേ ഗേറ്റാണിത്.
ജൂൺ 12ന് ബി.ജെ മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായ അപകടത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ സീതയുടെ 13 വയസ്സുള്ള മകൻ ആകാശ് പൊള്ളലേറ്റു മരിച്ചു. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സീതയുടെ ശരീരത്തിന്റെ വലതുവശത്ത് ഗുരുതരമായി പൊള്ളലേറ്റു. കഴിഞ്ഞ വ്യാഴാഴ്ച വരെ ആശുപത്രിയിൽ ആയിരുന്നു സീത. ശവസംസ്കാര ചടങ്ങുകൾക്കായി കുടുംബം പടാനിലെ അവരുടെ പൂർവ്വിക ഗ്രാമത്തിലേക്ക് പോകാൻ തീരുമാനിച്ചു.
എന്റെ ഭാര്യക്ക് ഗുരുതരമായ പൊള്ളലേറ്റു. അവൾ ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. പക്ഷേ മകന്റെ ചടങ്ങുകൾക്കായി അവൾക്ക് ഞങ്ങളോടൊപ്പം പടാനിലേക്ക് വരേണ്ടിവന്നു. അതിനായി സിവിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ അഹമ്മദാബാദിൽ തിരിച്ചെത്തിയാൽ അവളെ മറ്റെവിടെയെങ്കിലും പ്രവേശിപ്പിക്കേണ്ടിവരും - ഭാര്യയുടെ അവസ്ഥയെക്കുറിച്ച് സുരേഷ് പട്നി പറഞ്ഞു.
അമ്മ സരളയെയും മകൾ ആധ്യയെയും നഷ്ടപ്പെട്ട രവി താക്കൂറിന് വീണ്ടും അതേ മെഡിക്കൽ കോളജിന്റെ പരിസരത്ത് ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ജൂലൈ 12 വെള്ളിയാഴ്ച ആധ്യക്ക് രണ്ട് വയസ്സ് തികയുമായിരുന്നു.
ജൂൺ 12ന് ഉച്ചകഴിഞ്ഞ് ഡോക്ടർമാർക്ക് ഉച്ചഭക്ഷണത്തനുള്ള ടിഫിൻ എത്തിക്കാൻ പോയതായിരുന്നു ഓട്ടോ ഡ്രൈവർ ആയ രവിയും ഭാര്യ ലളിതയും. അവർ ആധ്യയെ മെസ്സിൽ പാചകക്കാരിയായ അമ്മ സരളയുടെ ഒപ്പം നിർത്തിയിരുന്നു. അപകടത്തിന്റെ ഇരകളുടെ ഡി.എൻ.എ പ്രൊഫൈലിംഗ് വഴി തിരിച്ചറിയുകയും ജൂൺ 19ന് അന്ത്യകർമങ്ങൾക്കായി കൈമാറുകയും ചെയ്യുന്നതുവരെ സരളയുടെയും ആധ്യയുടെയും മൃതദേഹങ്ങൾ കാണാതായതായി കണക്കാക്കപ്പെട്ടു.
അമ്മ പാചകം ചെയ്യുന്നതിനു പുറമെ രവി, ഭാര്യ, പിതാവ്, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർ ആശുപത്രിയിലെ ഡോക്ടർമാർക്ക് ടിഫിനുകൾ എത്തിക്കുന്നതും ഉൾപ്പെടെ മെഡിക്കൽ കോളജിനെ ചുറ്റിപ്പറ്റിയാണ് ഇവരുടെ ഉപജീവനമാർഗം മുഴുവൻ. ‘അതേ സ്ഥലത്ത് ജോലിക്ക് മടങ്ങുക എന്നത് ആലോചിക്കാനേ വയ്യ. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഇത് നമ്മെ വളരെയധികം ഓർമ്മിപ്പിക്കുന്നു. ഞങ്ങൾക്ക് വീണ്ടും ആ സ്ഥലത്ത് കാലുകുത്താൻ കഴിയില്ല’ - താങ്ങാനാവാത്ത മനഃപ്രയാസത്തോടെ താക്കൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

