വോട്ടർ പട്ടിക പരിഷ്കരണം; എതിർപ്പുമായി ടി.ഡി.പി
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിൽ പ്രധാന വോട്ടെടുപ്പിന് ആറ് മാസത്തിനകം വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പുനഃപരിശോധന നടത്തരുതെന്നും ഇപ്പോഴത്തെ നടപടിക്രമം പൗരത്വ പരിശോധനയുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി അറിയിക്കണമെന്നും തെലുഗുദേശം പാർട്ടി (ടി.ഡി.പി) തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.
ടി.ഡി.പി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന്റെ മൂന്ന് അംഗങ്ങളെയും സന്ദർശിച്ചാണ് നിലപാട് അറിയിച്ചത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ ഉദ്ദേശ്യം വ്യക്തമാക്കണമെന്നും അത് വോട്ടർ പട്ടിക തിരുത്തലിലും ഉൾപ്പെടുത്തലിലും മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സവിശേഷ കാരണങ്ങൾ ഇല്ലെങ്കിൽ, പട്ടികയിൽ ഇതിനകം ചേർത്ത വോട്ടർമാരുടെ യോഗ്യത വീണ്ടും തേടേണ്ടതില്ലെന്ന് അവർ അഭിപ്രായപ്പെട്ടു.
വോട്ടർപട്ടിക പരിഷ്കരണം വിവാദമായിരിക്കെ, ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷി തെരഞ്ഞെടുപ്പ് കമീഷനെ കണ്ടത് സവിശേഷ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിലെ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പുനഃപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷൻ നീക്കത്തിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പുനഃപരിശോധന തുടരാൻ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി അനുമതി നൽകിയെങ്കിലും ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ പരിഗണിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

