ഹൈദരാബാദ്: ബി.കോമിന് കണക്കും ഫിസിക്സും പഠിച്ച എം.എൽ.എ വെട്ടിലായിആന്ധ്രയിലെ ഭരണകക്ഷിയായ ടി.ഡി.പി എം.എല്‍.എ ജലീല്‍ ഖാന്റെതാണ് വിചിത്രമായ അവകാശവാദം. ഒരു ടി.വി ചാനലിന് നല്കിയ അഭിമുഖത്തില്‍ തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ വിശദീകരിക്കവേയാണ് ബികോമിനൊപ്പം താന്‍ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിട്ടുണ്ടെന്ന് എം.എൽ.എ അവകാശപ്പെട്ടത്.
കോമേഴ്സിനോടുള്ള ഇഷ്ടം കാരണം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനാണ് താന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഫിസിക്സിലും കണക്കിലുമുള്ള ഇഷ്ടം കൊണ്ടാണ് ബി.കോം തിരഞ്ഞെടുത്തതെന്നും ജലീല്‍ ഖാന് പറയുന്നു.
താനും ബി.കോം ബിരുദധാരിയാണെന്ന് പറഞ്ഞുകൊണ്ട് അഭിമുഖം നടത്തുന്ന റിപ്പോർട്ടർ ജലീൽ ഖാനോട് ബി കോമിന് ഇവ രണ്ടും പഠിക്കേണ്ടതില്ലല്ലോ എന്ന് ചോദിച്ചെങ്കിലും അത് അംഗീകരിക്കാന്‍ ഇദ്ദേഹം തയാറായില്ല. ആരു പറഞ്ഞു ഇവ രണ്ടും പഠിക്കേണ്ടെന്ന്? അക്കൗണ്ട് എന്നു പറഞ്ഞാൽ തന്നെ ഫിസിക്സും കണക്കുമല്ലേ.. എന്ന് ചോദിക്കുന്ന ഇദ്ദേഹം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടർക്ക് മറവി സംഭവിച്ചതാകാമെന്ന് പറയുകയും ചെയ്യുന്നുണ്ട്.
വീഡിയോ തന്റെ ഫെയ്സ്ബുക്കിലാണ് റിപ്പോർട്ടർ അപ് ലോഡ് ചെയ്തത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയിൽ വൈറലായി. തനിക്ക് എല്ലായ്പോഴും 100ൽ 100ൽ മാർക്കാണ് കണക്കിന് ലഭിക്കാറുള്ളതെന്നും കണക്കുകൂട്ടാൻ കാൽകുലേറ്ററിന്റെ പോലും ആവശ്യമില്ലെന്നും എം.എൽ.എ പറയുന്നു.
എം.എൽ.എയെ പരിഹസിച്ച് നൂറുകണക്കിന് ട്രോളുകളാണ് സോഷ്യൽ മീഡിയിയിൽ പ്രത്യക്ഷപ്പെട്ടത്. വെസ്റ്റ് വിജയവാഡ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ജലീൽ ഖാൻ.