ടി.സി.എസ് കേസും അശോക് ഖരാതും: തിരക്കഥകൾ മാറ്റിമറിക്കുന്ന മാധ്യമ വിചാരണ
text_fieldsദേശീയതലത്തിൽ ചർച്ചയാകുകയും അതിലൊന്ന് പെട്ടെന്ന് മുങ്ങിപ്പോകുകയും ചെയ്ത രണ്ട് ലൈംഗിക ചൂഷണ കേസുകൾ മഹാരാഷ്ട്രയിലെ നാസിക്കിൽ അരങ്ങേറുകയുണ്ടായി. രാഷ്ട്രീയ-ഭരണ ബന്ധങ്ങളുള്ള നിരവധി വനിതകളെ ജ്യോതിഷത്തിന്റെ പേരിൽ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെയെല്ലാം വിഡിയോ എടുക്കുകയും ചെയ്ത വി.ഐ.പി ജ്യോതിഷി അശോക് ഖരാതിന്റെ കേസാണ് ഒന്ന്. ഈ കേസ് പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞ് പൊട്ടിപ്പുറപ്പെട്ടതാണ് രണ്ടാം കേസ്. ടാറ്റ കൺസൾട്ടൻസി സർവിസിസിന്റെ (ടി.സി.എസ്) നാസിക് ബി.പി.ഒയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നും ആരോപിച്ച് ജീവനക്കാരി നൽകിയ പരാതിയും അതിനെതുടർന്ന് പല തലങ്ങളിലേക്ക് പടരുകയും ചെയ്തിരിക്കുന്നു. ഹിന്ദുത്വ ഹാൻഡിലുകൾ മുതൽ സംഘ് പരിവാർ അനുകൂല ദേശീയ മാധ്യമങ്ങൾവരെ ‘കോർപറേറ്റ് ജിഹാദ്’ എന്ന പേരിട്ട് ഇതിനെ വർഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി ഉപയോഗിക്കുകയാണിപ്പോൾ.
ഇതോടെ, കൃത്യമായ നിരവധി വിഡിയോ തെളിവുകൾ പുറത്തുവന്ന ജ്യോതിഷി അശോക് ഖരാത് കേസ് നിശ്ശബ്ദമായിരിക്കുന്നു. ടി.സി.എസ് കേസാകട്ടെ, ഓരോ ദിവസവും ഓരോ കഥകൾ കൂട്ടിച്ചേർക്കപ്പെട്ട് വലുതായി വരികയുമാണ്. ഇതിൽ പലതും അറസ്റ്റിലായവരുടെ ബന്ധുക്കളും ടി.സി.എസ് അധികൃതരും ചിലതെല്ലാം പ്രത്യേക അന്വേഷണസംഘം തന്നെയും നിഷേധിക്കുന്നുവെങ്കിലും, രാജ്യത്തെ പുതിയ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും ചെലവാകുന്ന വാർത്തയായി ടി.സി.എസ് കേസ് പടരുകയാണ്.
മഹാരാഷ്ട്രയിലെ എപ്സ്റ്റീൻ ഫയൽ
രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ പ്രമുഖരുമായി അടുത്ത ബന്ധമുള്ള അശോക് ഖരാതിന്റെ വലയിൽ സംസ്ഥാന-കേന്ദ്ര ഭരണരംഗത്തെ പലരും ഉൾപ്പെട്ടുവെന്ന നടുക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, വി.ഐ.പി ജ്യോതിഷിയുടെ ഏറ്റവും അടുത്തയാളായ ഡോ. ജിതേന്ദ്ര ഷെൽക്കെ, അഹല്യ നഗർ സമൃദ്ധി എക്സ്പ്രസ്വേയിലെ വാഹനാപകടത്തിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതാണ് കണ്ടത്. ഇയാളുടെ കാർ ഒരു ട്രെയിലറിന്റെ പിന്നിലിടിച്ചാണ് അപകടമെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, അപകടത്തിൽ സംശയമുന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവ് ശുഷ്മാ അന്താരെയും ശരദ് പവാർ പക്ഷ എൻ. സി.പി നേതാവ് രോഹിത് പവാറും രംഗത്തുവന്നിരിക്കുന്നു.
ആദ്യം ഉയർന്നുവന്നത് അശോക് ഖരാത് കേസാണ്. മാർച്ച് 17ന് 27 കാരി നൽകിയ പരാതിയിലാണ് കേസെടുക്കുന്നത്. തൊട്ടടുത്ത ദിവസം ഇയാൾ അറസ്റ്റിലായി. പൂജ, മന്ത്രങ്ങളുടെ മറവിൽ നിരവധി സ്ത്രീകൾക്കുനേരെ ഖരാത് ലൈംഗികാതിക്രമങ്ങൾ നടത്തിയതിന്റെ വിഡിയോകൾ കണ്ടെത്തി.
12 ഓളം പരാതികളാണ് പിന്നീട് 62കാരനായ ഖരാത്തിന് എതിരെ ഉയർന്നത്. ഇതോടെ പ്രമുഖരുമായുള്ള ഖരാതിന്റെ അടുപ്പം പുറത്തായി. അവരുമായുള്ള ടെലിഫോൺ ബന്ധത്തിന്റെ രേഖകൾ അഴിമതി വിരുദ്ധ ആക്ടിവിസ്റ്റ് അഞ്ജലി ദാമാനിയ പുറത്തുവിട്ടു. രേഖകൾ ചോർന്നതിനെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം നടത്തുകയാണ്. ബലാത്സംഗം, മന്ത്രവാദം, മനുഷ്യക്കുരുതി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് ഖരാത് നേരിടുന്നത്.
പത്താംക്ലാസ് തോറ്റ് നാടുവിട്ടയാൾ
പത്താംതരത്തിൽ തോൽക്കുകയും നാസിക്കിലെ ഗ്രാമത്തിൽ ചെറുമോഷണങ്ങൾ നടത്തുകയും ചെയ്ത ലക്ഷ്മൺ എന്ന ബാലൻ നാടുവിടുകയും പതിറ്റാണ്ടുകൾക്കുശേഷം പണക്കാരൻ അശോക് ഖരാതായി തിരിച്ചെത്തുകയുമായിരുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്. നാസിക്കൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ട ഖരാത് അതിനിടയിൽ നടത്തിയ പ്രവചനങ്ങളിലൂടെ ആളുകളുടെ വിശ്വാസം നേടുകയായിരുന്നു. പിന്നീട് ഫലപ്രപ്തിയുള്ള ജ്യോതിഷിയായി ആളുകളിൽ വിശ്വാസം നേടി. രാഷ്ട്രീയ, വ്യവസായ, ഉദ്യോഗസ്ഥ പ്രമുഖരുടെ സാന്നിധ്യം ആളുകളിലെ വിശ്വാസം വർധിപ്പിച്ചു.
പ്രമുഖരെ ഉൾപ്പെടുത്തി ശിവ്നിക ട്രസ്റ്റ് രൂപവത്കരിക്കുകയും മിർഗാവിൽ ഈശ്വനേശ്വർ ക്ഷേത്രം പണിയുകയും ചെയ്തു. ഈ ട്രസ്റ്റിന്റെ മറവിൽ പലയിടങ്ങളിലായി 40 കോടിയിലേറെ മൂല്യമുള്ള ഭൂമിയും ഫാം ഹൗസുകളും ഫ്ലാറ്റുകളും അനധികൃതമായി സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. പ്രസാദമെന്ന പേരിൽ സ്ത്രീകൾക്ക് നൽകിയിരുന്നത് അവരെ മയക്കുന്ന മരുന്നായിരുന്നുവത്രെ. ദൃശ്യം കാമറയിൽ പകർത്തി പിന്നീട് അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൂടുതൽ കാര്യങ്ങൾ നേടുന്നതാണ് രീതി. മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും ഭരണപക്ഷ പ്രമുഖരുമായുള്ള ഖരാതിന്റെ അടുപ്പം വിവാദമാവുകയും ഫോട്ടോകൾ പുറത്തുവരികയും ചെയ്തിരുന്നു.
തുടർന്ന് മഹാരാഷ്ട്ര വനിതാ കമീഷൻ അധ്യക്ഷയും എൻ.സി.പി നേതാവുമായ രുപാലി ചകങ്കർക്ക് രാജിവെക്കേണ്ടിവന്നു. ഖരാതുമായുള്ള ബന്ധത്തിൽ ഭരണപക്ഷത്തിന്റെ വിശദീകരണം തേടിയും ഖരാത്തിന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ചും പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

