അയോധ്യയിൽ 650 കോടി ചെലവിൽ ക്ഷേത്രമ്യൂസിയം വരുന്നു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ 650 കോടി രൂപ ചെലവിൽ ക്ഷേത്രങ്ങളുടെ മ്യൂസിയം നിർമിക്കാനൊരുങ്ങി ടാറ്റ സൺസ്. മ്യൂസിയം നിർമിക്കുന്നതിന് യു.പി മന്ത്രിസഭ ടാറ്റക്ക് അനുമതി നൽകി. പദ്ധതിക്കായി ഒരു രൂപ പാട്ടത്തിന് ഭൂമി 90 വർഷത്തേക്ക് ടാറ്റ നൽകുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ജയ്‍വീർ സിങ് പറഞ്ഞു. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളുടെ ആർക്കിടെക്കിന്റെ ചരിത്രം വിശദീകരിക്കുന്നതാവും മ്യൂസിയം.
ടാറ്റ സൺസിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി 650 കോടി ചെലവിൽ ക്ഷേത്ര മ്യൂസിയം നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതിന് അംഗീകാരം നൽകുകയായിരുന്നുവെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഇതുസംബന്ധിച്ച ആശയം രൂപപ്പെട്ടത്. പിന്നീട് യോഗി ആദിത്യനാഥും മുതിർന്ന ഉദ്യോഗസ്ഥരും പദ്ധതിരൂപരേഖ പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് പദ്ധതി ഇഷ്ടമാവുകയും പിന്നീട് ഇതേക്കുറിച്ച് വിശദമായി സംസാരിക്കാമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും യു.പി വിനോദസഞ്ചാര വകുപ്പ് മന്ത്രി അറിയിച്ചു.
മ്യൂസിയത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പടെ ഉണ്ടാവും. ഇതിനൊപ്പം 100 കോടി മുടക്കി ക്ഷേത്രനഗരത്തിന്റെ വികസനപ്രവർത്തനങ്ങളും ടാറ്റ സൺസ് നടത്തും. ലഖ്നോ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളിൽ പി.പി.പി മോഡലിൽ ഹെലികോപ്ടർ സർവീസ് തുടങ്ങുന്നതിനുള്ള നിർദേശത്തിനും യു.പി കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. ഹെറിറ്റേജ് സൈറ്റുകളിൽ ടൂറിസം വികസനത്തിനിനുള്ള പദ്ധതിക്കും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

