ഇന്ത്യയിൽ ജാവലിൻ മിസൈൽ സംയുക്തമായി നിർമിക്കാൻ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
text_fieldsന്യൂഡൽഹി: അമേരിക്കൻ നിർമിത ജാവലിൻ മിസൈലുകൾ ഇന്ത്യയിൽ സംയുക്തമായി നിർമിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് യു.എസ് കമ്പനികളായ ലോക്ക്ഡീഡ് മാർട്ടിൻ, റേത്തിയോൺ എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആയുധ നിർമാണ രംഗത്ത് ഇന്ത്യയുടെ സ്വാശ്രയത്വം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കം. ഇന്ത്യൻ സൈന്യത്തിനായി ജാവലിൻ മിസൈലുകൾ യു.എസിൽ നിന്ന് വാങ്ങുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
ലോക്ക്ഡീഡിന്റെയും റേത്തിയോണിന്റെയും സംയുക്ത സംരംഭമായ 'ജാവലിൻ ജോയിന്റ് വെഞ്ചറുമായി' ചേർന്നാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ മിസൈലുകളുടെ അവസാന ഘട്ട പ്രവൃത്തികളായ അന്തിമ കൂട്ടിച്ചേർക്കലും നിർമാണ യൂണിറ്റുകളും സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഇരു കമ്പനികളും സംയുക്തമായി പരിശോധിക്കും. ഇന്ത്യയിലെ പ്രതിരോധ വ്യവസായ അടിത്തറ കൂടുതൽ ശക്തമാക്കാനും അത്യാധുനിക സാങ്കേതിക വിദ്യ രാജ്യത്തേക്ക് എത്തിക്കാനും ഈ കരാർ സഹായകരമാകും.
അമേരിക്കൻ വിദേശ സൈനിക വിൽപന പദ്ധതിയുടെ ഭാഗമായി ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നതിനുള്ള കരാർ പത്രത്തിൽ ഇന്ത്യൻ സൈന്യം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് ഇത് സംബന്ധിച്ച അനുമതി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയത്. നൂറോളം ജാവലിൻ റൗണ്ടുകളും കമാൻഡ് ലോഞ്ച് യൂണിറ്റുകളും വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.
ഇന്ത്യൻ സായുധ സേനക്ക് എളുപ്പത്തിൽ ആയുധലഭ്യത ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്ത് ഹൈടെക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി വഴിയൊരുക്കുമെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് സി.ഇ.ഒ സുകരൺ സിങ് വ്യക്തമാക്കി. ഇൻഡോ-പസഫിക് മേഖലയിലെ സുസ്ഥിരതക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനും ഈ കരാർ വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിരോധ സാങ്കേതികവിദ്യ, എയ്റോസ്പേസ് നിർമ്മാണം, സൈനിക എൻജിനീയറിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാറ്റ സൺസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

