‘ഹിന്ദു സംസ്കാരം ബംഗാളി സംസ്കാരത്തിന്റെ അടിത്തറ,’ എല്ലാ ബംഗാളികളും ഇന്ത്യക്കാരെന്ന് തസ്‍ലിമ നസ്രീൻ; പ്രതികരണവുമായി ജാവേദ് അക്തർ
text_fieldsഗ്വാളിയോർ: മുസ്‍ലിങ്ങളടക്കം ബംഗാളി സംസ്കാരത്തിന്റെ അടിത്തറ ഹിന്ദു സംസ്കാരമാണെന്ന് നാടുകടത്തപ്പെട്ട എഴുത്തുകാരി തസ്‍ലിമ നസ്രീൻ. ബംഗാളി ഹിന്ദുക്കളുടെ വലിയ ഉത്സവമായ ദുർഗാ പൂജ ആഘോഷത്തിലെ പ്രധാന ദിവസമായ അഷ്ടമിയിലായിരുന്നു സാംസ്കാരിക പരിപാടികളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തസ്‍ലിമയുടെ കുറിപ്പ്.
ബംഗാളികൾ മതത്തിനപ്പുറം എല്ലാവരും ഇന്ത്യക്കാരാണെന്ന് തസ്‍ലിമ പറഞ്ഞു. നിരവധി ആളുകളാണ് പോസ്റ്റിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഗംഗാ-ജാംനി അവാദ് സംസ്കാരത്തിൽ നിന്നുള്ളയാളെന്ന നിലയിൽ താൻ ബംഗാളി സംസ്കാരത്തെ ബഹുമാനിക്കുന്നയാളാണെന്ന് പ്രശസ്ത എഴുത്തുകാരനും കവിയുമായ ജാവേദ് അക്തർ പോസ്റ്റ് പങ്കിട്ടുകൊണ്ട് കുറിച്ചു.
‘മറച്ചുവെക്കാൻ ഒന്നുമില്ല: ഹിന്ദു സംസ്കാരമാണ് ബംഗാളി സംസ്കാരത്തിന്റെ അടിത്തറ. ചരിത്രത്തിൽ നാം സ്വീകരിച്ച മതമോ തത്ത്വചിന്തയോ എന്തുതന്നെയായാലും, നമ്മുടെ ദേശീയ സ്വത്വത്തിൽ, ബംഗാളികളായ നമ്മൾ ഇന്ത്യയുടേതാണ്. ഇന്ത്യയിലെ ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടെയും, ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും, നിരീശ്വരവാദികളുടെയും പൂർവ്വികർ എല്ലാവരും ഇന്ത്യൻ ഹിന്ദുക്കളായിരുന്നു. ഒരു ബംഗാളി മുസ്‍ലീമാണെങ്കിൽ പോലും, അവന്റെ സംസ്കാരം അറേബ്യയുടെ സംസ്കാരമല്ല. അത് ബംഗാളി സംസ്കാരമാണ്, ആ സംസ്കാരം ഹിന്ദു പാരമ്പര്യത്തിൽ വേരൂന്നിയതാണ്. ചെണ്ട, സംഗീതം, നൃത്തം എന്നിവയാണ് ബംഗാളി സംസ്കാരത്തിന്റെ പ്രാഥമിക പ്രകടനങ്ങൾ. അതിനെ നിഷേധിക്കുക എന്നാൽ സ്വയം നിഷേധിക്കുക എന്നാണ്,’ - തസ്‍ലിമ പറഞ്ഞു.
നസ്രീന്റെ അഭിപ്രായത്തോട് യോജിച്ച ജാവേദ് അക്തർ, പക്ഷേ ഹിന്ദു, മുസ്ലീം സംസ്കാരങ്ങളുടെ സങ്കലനമായ ഗംഗാ-ജാമുനി അവാദ് സംസ്കാരത്തെ വിലമതിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
‘പരമ്പരാഗത അവധ് ജനതയായ ഞങ്ങൾക്ക് ബംഗാളി സംസ്കാരത്തോടും, ഭാഷയോടും, സാഹിത്യത്തോടും വലിയ ബഹുമാനമുണ്ട്. ഗംഗാ ജാംനി അവധ് സംസ്കാരത്തെയും അതിന്റെ അതിന്റെ സങ്കീർണ്ണതയെയും വിലമതിക്കാനും ബഹുമാനിക്കാനും ഒരാൾക്ക് കഴിയുന്നില്ലെങ്കിൽ, അത് അവരുടെ നഷ്ടമാണ്. ഈ സംസ്കാരത്തിന് അറബ് സംസ്കാരവുമായി യാതൊരു ബന്ധവുമില്ല,’ അദ്ദേഹം പറഞ്ഞു.
പാർസിയൻ, മധ്യേഷ്യൻ സംസ്കാരങ്ങളും ഭാഷകളും പാശ്ചാത്യ സംസ്കാരത്തെപ്പോലെ നമ്മുടെ സംസ്കാരത്തിലും ഭാഷയിലും കടന്നുവന്നിട്ടുണ്ട്, പല ബംഗാളി കുടുംബപ്പേരുകളും പേർഷ്യൻ ഭാഷയിലാണെന്നും അക്തർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

