"ഇത് മാധ്യമപ്രവർത്തകന്റെ നാവരിയാനുള്ള നീക്കം’’: ബലാത്സംഗക്കേസിലെ ശിക്ഷാവിധിയെക്കുറിച്ച് തരുൺ തേജ്പാലിന്റെ മകൾ
text_fieldsപനാജി: ‘തെഹൽക്ക’ മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിനെ ബോംബെ ഹൈകോടതി കുറ്റക്കാരനായി കണ്ടെത്തിയ നടപടിയെ വിമർശിച്ച് മകൾ കാര തേജ്പാൽ രംഗത്ത്. അന്വേഷണാത്മക മാധ്യമപ്രവർത്തകന്റെ നാവരിയാനുള്ള, മിണ്ടാതിരിപ്പിക്കാനുള്ള മാർഗമായാണ് ബലാത്സംഗ ആരോപണം ഉപയോഗിച്ചതെന്ന് അവർ ആരോപിച്ചു.
മാഗസിനിലെ അന്വേഷണാത്മക റിപ്പോർട്ടുകൾ കാരണം അദ്ദേഹം പലരുടെയും കണ്ണിലെ കരടായിരുന്നു. തന്റെ പിതാവിനെ ന്യായീകരിക്കുന്നതിന്റെ പേരിൽ തന്നെ ബലാത്സംഗത്തെ ന്യായീകരിക്കുന്നവളെന്നോ ബലാത്സംഗം ചെയ്തയാളുടെ മകളെന്നോ വിളിച്ചാൽ തനിക്ക് ഒരു പ്രശ്നവുമില്ല. അധികാരത്തിലിരിക്കുന്നവരുടെ അഴിമതികൾ ‘തെഹൽക്ക’ പുറത്തുകൊണ്ടുവന്നതാണ് അവരെ വിറളി പിടിപ്പിച്ചത്. തരുൺ തേജ്പാൽ ബി.ജെ.പി സർക്കാറിന് വലിയ തലവേദനയായിരുന്നു. അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ, പാപികളിൽ വെച്ച് ഏറ്റവും വെറുക്കപ്പെട്ടവനായ ‘ബലാത്സംഗം ചെയ്തയാൾ’ എന്ന് ചിത്രീകരിക്കുന്നതിനേക്കാൾ മികച്ചൊരു മാർഗം വേറെയുണ്ടോ?’’ -അവർ ചൂണ്ടിക്കാട്ടി.
2013ൽ ഗോവയിൽ ‘തെഹൽക്ക’ സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് 62കാരനായ തരുണിനെ ഹൈകോടതി കുറ്റക്കാരനെന്ന് വിധിച്ചത്. അദ്ദേഹത്തെ കുറ്റമുക്തനാക്കിയ കീഴ്കോടതി വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് വിധി. 13 വർഷമായി ഈ കേസിലെ തെളിവുകൾ പരിശോധിച്ചുവരുകയാണ്. തന്റെ പിതാവ് നിരപരാധിയാണെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും കാര പറഞ്ഞു.
പിതാവ് അറസ്റ്റിലായപ്പോൾ എനിക്ക് 23 വയസ്സാണ്. കുറ്റമുക്തനായപ്പോൾ 31 ആയി. ഇന്ന്, 36ാം വയസ്സിൽ, ഗോവ സർക്കാർ സ്വമേധയാ ഫയൽ ചെയ്ത വ്യാജ ബലാത്സംഗ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ബോംബെ ഹൈകോടതി കുറ്റക്കാരനായി വിധിക്കുമ്പോഴും ഞാൻ അദ്ദേഹത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. പിതാവ് അറസ്റ്റിലായ സമയത്ത് സത്യം പുറത്തുപറയാൻ താൻ ഭയപ്പെട്ടിരുന്നു. കേസിനെക്കുറിച്ചുള്ള വാർത്തകൾ തന്നെ വല്ലാതെ ബാധിച്ചു. പിതാവിനെ പിന്തുണച്ചതിന്റെ പേരിൽ വിമർശനങ്ങൾ വന്നാലും ഇനി നിശ്ശബ്ദയായിരിക്കാൻ തയാറല്ലെന്ന് അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

