Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഹസീനയെയും ഒളിവിലെ...

‘ഹസീനയെയും ഒളിവിലെ കുറ്റവാളികളെയും കൈമാറണം’; താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് ഉപാധിയുമായി ബംഗ്ലാദേശ്

text_fields
bookmark_border
‘ഹസീനയെയും ഒളിവിലെ കുറ്റവാളികളെയും കൈമാറണം’; താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിന് ഉപാധിയുമായി ബംഗ്ലാദേശ്
cancel

ധാക്ക: പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കണമെങ്കിൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. സന്ദർശനത്തിന് ‘അനുകൂലമായ സാഹചര്യം’ ഒരുക്കേണ്ടതുണ്ടെന്നും ഇതിനായി ഹസീനയെയും മറ്റ് ഒളിവിൽ കഴിയുന്ന പ്രതികളെയും കൈമാറാൻ ഇന്ത്യ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് എ.കെ.എം ശാഹിദുൽ കരീമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ബംഗ്ലാദേശും താരിഖ് റഹ്മാന്റെ ഇന്ത്യ സന്ദർശന സാധ്യതയെക്കുറിച്ച് ഏതാനും ആഴ്ചകളായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിലെ ഇന്ത്യയിൽ കഴിയുന്ന മറ്റ് നേതാക്കളെ ‘ഒളിവിൽ കഴിയുന്ന കുറ്റവാളികൾ’ എന്ന് വിശേഷിപ്പിച്ച ബംഗ്ലാദേശ്, അവരെയും കൈമാറണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ അറസ്റ്റിലായ പ്രതികളെ ബംഗ്ലാദേശിന് കൈമാറണമെന്നും ധാക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് 5ന് ന്യൂഡൽഹിയിൽ ശൈഖ് ഹസീന നടത്തിയ വാർത്താസമ്മേളനമാണ് റഹ്മാന്റെ സന്ദർശനത്തിനുള്ള സാഹചര്യം മോശമാക്കിയതെന്ന് ബംഗ്ലാദേശ് ആരോപിക്കുന്നു. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഹസീനക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഹസീനയുടെ വാർത്താസമ്മേളനത്തിൽ നിന്ന് ഇന്ത്യൻ സർക്കാർ അകലം പാലിച്ചിരുന്നെങ്കിലും, ഇന്ത്യയുടെ മണ്ണിൽ പരിപാടി സംഘടിപ്പിച്ചതിൽ ബംഗ്ലാദേശ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ബംഗ്ലാദേശിന്റെ അഭ്യർഥന നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ അറസ്റ്റിലായ രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കെതിരായ അന്വേഷണം തുടരുകയാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ബന്ധം പുനഃസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദി ധാക്കയിൽ പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഹസീനയുടെ കൈമാറ്റ വിഷയം ബംഗ്ലാദേശ് ഉന്നയിച്ചിരുന്നു. തുടർന്ന് ആഗസ്റ്റ് 11ന് ത്രിവേദി ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിലവിലെ സാഹചര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshSheikh HasinaIndiaAwami LeagueTarique Rahman
News Summary - Send Sheikh Hasina back|Bangladeshs red line for PM Rahmans visit
Next Story