നടി തനുശ്രീ ദത്തക്കെതിരെ ഭീഷണി; പലതവണ ജീവൻ അപായപ്പെടുത്താൻ ശ്രമം നടന്നതായി ഇൻസ്റ്റഗ്രാം പോസ്റ്റ്
text_fieldsകരിയർ ഇല്ലാതാക്കാനും മീ റ്റു തുറന്നുപറച്ചിലിന്‍റെ പകപോക്കാനുമായി ഭീഷണിയും വധശ്രമങ്ങളും വരുന്നതായി ബോളിവുഡ് നടി തനുശ്രീ ദത്ത. പ്രശ്നങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തുകയായിരുന്നു താരം. നിരവധി തവണ ഭീഷണികളും കൊലപാതക ശ്രമങ്ങളും നടന്ന ഭയത്തിലാണ് തുറന്ന് പറച്ചിലുമായി രംഗത്തെത്തിയതെന്ന് പോസ്റ്റിൽ പറയുന്നു. അടിയന്തരമായി അധികൃതർ സഹായിക്കണമെന്ന ആവശ്യമാണ് തനുശ്രീ ഉന്നയിക്കുന്നത്.
"നിരന്തരമായി എനിക്ക് ഭീഷണികൾ വരുന്നുണ്ട്. ആദ്യം സിനിമയിലെ കരിയർ ഇല്ലാതെയാക്കി. പിന്നെ ആരോഗ്യം നശിപ്പിക്കാൻ കുടിവെള്ളത്തിൽ ചില മരുന്നുകളും സ്റ്റിറോയിഡുകളും കലർത്തി. നിവൃത്തിയില്ലാതായപ്പോൾ ഞാൻ ഉജ്ജെയിനിലേക്ക് പോവുകയായിരുന്നു. എന്നാൽ പോകുന്ന വഴി വണ്ടിയുടെ ബ്രേക്ക് രണ്ട് തവണ തകരുകയും അപകടപ്പെടുകയും ചെയ്തു. മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. 40 ദിവസങ്ങൾക്ക് ശേഷം ജോലി തുടരാൻ മുംബൈയിലേക്ക് വീണ്ടും തിരിച്ചുവന്നു. അപ്പോൾ ഫ്ലാറ്റിന് മുന്നിൽ അഴുക്ക് നിറച്ചിരിക്കുകയായിരുന്നു" തനുശ്രീ പറയുന്നു.
എന്നാൽ ഇതൊന്നും കണ്ട് പേടിക്കില്ലെന്നും ഒരിക്കലും ആത്മഹത്യക്കോ നാട് വിടാനോ ശ്രമിക്കില്ലെന്നും കരിയറിൽ ശ്രദ്ധിക്കാനും തുടരാനും തന്നെ തീരുമാനിക്കുകയാണെന്നും തനുശ്രീ വ്യക്തമാക്കി.
2018ൽ താരം മീ റ്റൂ മൂവ്മെന്‍റിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമം, മോശം പെരുമാറ്റം എന്നിവയെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് ഒരു സർക്കാറിതര സ്ഥാപനത്തിനും കുറച്ച് ആളുകൾക്കുമെതിരെ തനു ആരോപണങ്ങൾ ഉന്നയിച്ചു. ഇവർ തന്നെയാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന അതിക്രമത്തിന് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ ബോളിവുഡ് മാഫിയകളും, മഹാരാഷ്ട്രയിലെ ചില പഴയ രാഷ്ട്രീയക്കാരും ഉണ്ടെന്നും അവർ പറയുന്നു.
സംസ്ഥാനത്ത് സ്ത്രീകൾക്ക് ലഭിക്കാതെ പോകുന്ന പരിരക്ഷയും പരിഗണനകളെ കുറിച്ചും പോസ്റ്റിൽ തനു പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

