ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് താണ്ഡവിന്‍റെ നിർമാതാക്കൾ. കേന്ദ്ര വാർത്താ വിക്ഷേപണ മന്ത്രാലയ അധികൃതരുമായി നടത്തിയ രണ്ടാംഘട്ട ചർച്ചയിലാണ് തീരുമാനം.
ആമേസാൺ പ്രൈമിൽ പ്രദർശനം തുടരുന്ന വെബ് സീരിസിന്‍റെ വിവാദ ഭാഗങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്നും മാർഗനിർദേശങ്ങൾ നൽകിയ അധികൃതർക്ക് നന്ദി അറിയിച്ചും താണ്ഡവ് ടീം പ്രസ്താവന പുറത്തിറക്കി.
ആമസോൺ ൈപ്രം അധികൃതരും വാർത്താ വിക്ഷേപണ മന്ത്രാലയവും തമ്മിൽ തിങ്കളാഴ്ച വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ആമസോൺ പ്രൈമിനോട് നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ടാമത് നടത്തിയ ചർച്ചയിലാണ് തീരുമാനം.
താണ്ഡവിനെതിരെ നിരവധി പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. താണ്ഡവിലെ ഒരു രംഗത്തിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. സംഘപരിവാറിന്‍റെ നേതൃത്വത്തിൽ താണ്ഡവിനെതിെര ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. സെയ്ഫ് അലി ഖാൻ ഉൾപ്പെടെയുള്ള നടന്‍മാർക്കെതിരെയും വിമർശനം ശക്തമായിരുന്നു.
രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. വ്യക്തി, മതം, സമുദായം, രാഷ്ട്രീയം എന്നിവയുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സംവിധായകൻ അലി അബ്ബാസ് സഫർ പറഞ്ഞു.