ശബരിമലയിൽ വിഗ്രഹം സമർപ്പിച്ച മുത്തച്ഛൻ; തമിഴ്നാട് മന്ത്രി ത്യാഗരാജൻ പറയുന്നു, ആ കുടുംബ കഥ...
text_fieldsകൊച്ചി: ‘‘ഇവിടെ വരുമ്പോൾ എന്റെയൊപ്പം മുത്തച്ഛന്റെ ഓർമകളുമുണ്ട്. ആത്മീയതയുടെയും ചരിത്രത്തിന്റെയും സുഗന്ധവും പ്രൗഢിയുമുള്ള ഓർമകൾ. ആ കാലത്തെക്കുറിച്ച് അഭിമാനത്തോടെയല്ലാതെ ചിന്തിക്കാനാവില്ല. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനുള്ള ഈ യാത്ര വ്യക്തിപരമായി എനിക്ക് ഏറെ വിലപ്പെട്ടതാണ്...’’ തമിഴ്നാട് ഐ.ടി, ഡിജിറ്റൽ സർവിസ് മന്ത്രി ഡോ. പി. ത്യാഗരാജന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ കുടുംബത്തിന് കേരളത്തോടുള്ള അപൂർവമായൊരു വൈകാരിക ബന്ധത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ്. 1950ൽ ശബരിമല ക്ഷേത്രത്തിന് പഞ്ചലോഹ അയ്യപ്പവിഗ്രഹം സമർപ്പിച്ച, തമിഴ്നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും മദ്രാസ് പ്രസിഡന്‍സിയുടെ മുഖ്യമന്ത്രിയുമായിരുന്ന പി.ടി. രാജന്റെ ചെറുമകനാണ് ത്യാഗരാജൻ.
ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ പമ്പയിലേക്കുള്ള യാത്രക്കിടെ കൊച്ചിയിലെത്തിയ ത്യാഗരാജൻ ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ ശബരിമലയുമായി തന്റെ പൂർവികർക്കുള്ള ചരിത്രപരമായ ബന്ധത്തിന്റെ നാൾവഴികൾ ഓർത്തെടുത്തു. ഡി.എം.കെയടക്കം ദ്രാവിഡ പാർട്ടികളുടെ ആദ്യരൂപമായ ജസ്റ്റിസ് പാർട്ടിയുടെ നേതാവായിരുന്നു പി.ടി. രാജൻ. ക്ഷേത്രസംരക്ഷണ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ദീർഘകാല ചരിത്രമുണ്ട്. മദ്രാസ് പ്രസിഡന്‍സിയുടെ ഭരണാധികാരിയായിരിക്കെ രാജൻ ക്ഷേത്രങ്ങളുടെ ദേശസാത്കരണത്തിനും പുനരുദ്ധാരണത്തിനും പ്രത്യേക നിയമം കൊണ്ടുവന്നു. പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങൾ പുനരുദ്ധരിച്ചു. നൂറുകണക്കിന് ക്ഷേത്രങ്ങൾ ഏറ്റെടുത്തു.
1950ൽ ശബരിമല ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ ശ്രീകോവിലും മണ്ഡപവുമടക്കം കത്തിനശിച്ചു. അയ്യപ്പവിഗ്രഹത്തിന് കാര്യമായ കേടുപാട് സംഭവിച്ചു. രാജന്റെ കുടുംബത്തിന് പന്തളം രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് പന്തളം രാജാവ് അയ്യപ്പവിഗ്രഹത്തിനായി രാജനെ സമീപിച്ചത്. കാവടി ഘോഷയാത്രയായാണ് വിഗ്രഹം പഴനിവഴി ശബരിമലയിൽ എത്തിച്ചത്. ഇതോടൊപ്പം മറ്റൊരു വിഗ്രഹം മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപവും പ്രതിഷ്ഠിച്ചു. വിഗ്രഹം സമർപ്പിച്ച രാജനെക്കുറിച്ച് സമീപത്ത് ശിലാഫലകത്തിൽ കൊത്തിവെച്ചിരുന്നു.
ഇത് പിന്നീട് വെള്ളിയിൽ പൊതിഞ്ഞതോടെ ആ വിവരങ്ങൾ ഓർമയായി. ഇത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാറിന് ത്യാഗരാജൻ കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. എങ്കിലും രേഖപ്പെടുത്തപ്പെട്ട ചരിത്രവും സത്യവും മൂടിവെക്കാനാവില്ലല്ലോയെന്ന് ത്യാഗരാജൻ ചോദിക്കുന്നു.
അയ്യപ്പസംഗമത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല. നവോഥാനത്തിന്റെയും സാമൂഹിക നീതിയുടെയും മുന്നേറ്റത്തിന്റെ ധീരചരിത്രമുള്ള മണ്ണാണ് തമിഴ്നാട്. ജനാധിപത്യബോധമുള്ള ഹിന്ദുക്കളാണ് അവിടത്തേത്. അവിടെ ബി.ജെ.പിയുടെ ഹിന്ദിവത്കരണ നീക്കവും ഹിന്ദുത്വ അജണ്ടയും വിജയിക്കില്ലെന്നും ത്യാഗരാജൻ പറഞ്ഞു. മധുര സെൻട്രലിൽനിന്ന് 2016ലും 2021ലും ഡി.എം.കെ സ്ഥാനാർഥിയായി വിജയിച്ച ത്യാഗരാജൻ, തമിഴ്നാട് മുൻ സ്പീക്കർ പി.ടി.ആർ. പളനിവേൽ രാജന്റെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

