പെരിയാറിനെതിരെ നിലപാട് കടുപ്പിച്ച് സീമാൻ; തമിഴകത്ത് പ്രതിഷേധം
text_fieldsചെന്നൈ: ദ്രാവിഡ പ്രസ്ഥാനത്തിന്റെ നെടുംതൂണും തമിഴ്‌നാട്ടിലെ പ്രമുഖ പാർട്ടികളെല്ലാം ആദരിക്കുന്ന സാമൂഹ്യ പരിഷ്കർത്താവുമായ പെരിയാറിനെതിരെ വിമർശനം കടുപ്പിച്ച് നാം തമിഴർ കക്ഷി (എൻ.ടി.കെ) നേതാവും ചലച്ചിത്ര സംവിധാകനുമായ സീമാൻ. സീമാന്റെ വർധിച്ചുവരുന്ന എതിർ നിലപാട് സംസ്ഥാനത്ത് പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് ചിലയിടങ്ങളിൽ സംഘർഷത്തിനും വഴിവെച്ചു. സീമാനെതിരെ ഇതിനകം 70ലധികം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമവാക്യങ്ങൾ മാറ്റിമറിച്ചേക്കാവുന്ന സൂചനകൾ നൽകി നടൻ വിജയിയുടെ ‘തമിഴക വെട്രി കഴകം’ ഉയർന്നുവരുന്നതിനിടെയാണ് പെരിയാറിനെക്കുറിച്ചുള്ള സീമാന്റെ വിവാദ പ്രസ്താവനകൾ. തന്റെ പാർട്ടിയുടെ അനുയായികളിൽ ഗണ്യമായ എണ്ണം ടി.വി.കെയിലേക്ക് മാറുമെന്ന് സീമാൻ ഭയപ്പെടുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സമീപകാല പൊതുയോഗങ്ങളിൽ പെരിയാറിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തമിഴ് സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചതായി സീമാൻ ആരോപിച്ചിരുന്നു.
എന്നാൽ, മത യാഥാസ്ഥിതികതക്കെതിരെയാണ് പെരിയാർ പോരാടിയതെന്ന് ചൂണ്ടിക്കാട്ടി സീമാന്റെ വിമർശകർ ഇതിനെതിരെ രംഗത്തുവന്നു. സമാധാനം തകർത്താൽ നിയമം അതിന്റെ കടമ നിർവഹിക്കുമെന്ന് ഭരണകക്ഷിയായ ഡി.എം.കെയുടെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ മുന്നറിയിപ്പ് നൽകി.
തമിഴ് ദേശീയവാദിയായ സീമാൻ, പെരിയാറിന്റെയും വിശാലമായ ദ്രാവിഡ ധാർമികതയുടെയും കാര്യത്തിൽ സംസ്ഥാനത്തെ പ്രമുഖ പാർട്ടികളിൽ നിന്ന് സ്വയം വേറിട്ടുനിൽക്കാൻ ശ്രമിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്.
ഡിസംബർ 9ന് വടല്ലൂരിൽ സീമാൻ നടത്തിയ പ്രസംഗത്തിനു ശേഷം തമിഴ് ഭാഷ, മതം, ഫെമിനിസം എന്നിവയെക്കുറിച്ചുള്ള പെരിയാറിന്റെ കാഴ്ചപ്പാടുകൾക്കെതിരെ സംസാരിച്ചതാണ് തർക്കത്തിന്റെ ആരംഭം. പെരിയാർ തമിഴ് ഭാഷയെ ‘നികൃഷ്ട’മായി കണക്കാക്കിയെന്നും ഭാഷയോടുള്ള ഈ നിലപാട് അതിന്റെ പുരോഗതിക്ക് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പാർട്ടിയായ തന്തൈ പെരിയാർ ദ്രാവിഡ കഴകം (ടി.പി.ഡി.കെ) അംഗങ്ങൾ എൻ.ടി.കെ അനുഭാവികളുടെ ഈ പരാമർശത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് ഇടപെട്ടു.
തുടർന്ന്, ഡിസംബർ 16ന് ചെന്നൈയിൽ നടത്തിയ ഒരു പ്രസംഗത്തിൽ പെരിയാറിന്റെ ‘സ്ത്രീസ്വാതന്ത്ര്യത്തിനായുള്ള വാദങ്ങൾ വികലമായിരുന്നു’ എന്ന് സീമാൻ വിമർശനമുയർത്തി. ഇതെത്തുടർന്ന് പെരിയാറിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്ന ഡസനിലധികം സംഘടനകൾ കഴിഞ്ഞ ബുധനാഴ്ച സീമാന്റെ ചെന്നൈയിലെ വസതിക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് പെട്ടെന്ന് ഇടപെട്ടതിനാൽ കൂടുതൽ സംഘർഷം ഒഴിവായി.
തന്റെ പ്രസ്താവനകൾ പിൻവലിക്കില്ലെന്ന് പെരിയാറിന്റെ പുസ്തകങ്ങളിൽനിന്നുതന്നെയുള്ള വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് സീമാൻ പറഞ്ഞു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ സീമാനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിൽ ഇടപെടാൻ മദ്രാസ് ഹൈകോടതി ബുധനാഴ്ച വിസമ്മതിച്ചിരുന്നു. തനിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നായിരുന്നു സീമാന്റെ അവകാശവാദം.
എന്നാൽ, എൽ.ടി.ടി.ഇ തലവൻ പ്രഭാകരനോടൊപ്പമുള്ള എൻ.ടി.കെ നേതാവിന്റെ ജനപ്രിയ ഫോട്ടോ മോർഫ് ചെയ്തതാണെന്ന് സീമാന്റെ മുൻ വിശ്വസ്തൻ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. സീമാന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു അങ്ങനെ ചെയ്തതെന്നും പെരിയാറിനെതിരായ അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മനംനൊന്ത് താൻ ഇപ്പോൾ സത്യം വെളിപ്പെടുത്തുകയാണെന്നും സഹായി പറയുകയുണ്ടായി..
എൻ.ടി.കെയിലും സീമാൻ പ്രതിസന്ധി നേരിടുകയാണ്. സീമാന്റെ ഏകാധിപത്യ നേതൃ ശൈലി ചൂണ്ടിക്കാട്ടി കഴിഞ്ഞ അഞ്ചു മാസത്തിനിടെ പാർട്ടിയുടെ നിരവധി പ്രവർത്തകരാണ് രാജിവെച്ചത്.
2010ലാണ് സീമാൻ എൻ.ടി.കെ രൂപീകരിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 12 മണ്ഡലങ്ങളിലായി ലക്ഷത്തിലധികം വോട്ടുകൾ നേടാൻ എൻ.ടി.കെക്ക് കഴിഞ്ഞിരുന്നു. 2019 ലെ 3.8ശതമാനത്തിൽ നിന്ന് 8.2ശതമാനം ആയി വോട്ട് വിഹിതം മൂന്നിരട്ടിയായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

