കോഹ്ലി-രോഹിത് ആരാധകര്‍ തമ്മിൽ തർക്കം; തമിഴ്‌നാട്ടിൽ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു
text_fieldsചെന്നൈ: ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ആരാധകർ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ അരിയാലൂർ ജില്ലയിൽ പൊയ്യൂരിലാണ് സംഭവം. സംഭവത്തിൽ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പൊയ്യൂരിനടുത്തുള്ള മല്ലൂരിലെ സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിനു പരിസരത്ത് ദാരുണ സംഭവം നടന്നത്. മദ്യലഹരിയിലാണ് തർക്കവും കൊലപാതകവും നടന്നതെന്നാണ് പൊലീസ് പറയുന്നത്. 24കാരനായ വിഘ്‌നേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ എസ്. ധർമരാജ് ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളായ ഇരുവരും കടുത്ത ക്രിക്കറ്റ് ആരാധകരാണ്.
കോഹ്ലി ആരാധകനായ ധർമരാജ് ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരി(ആർ.സി.ബി)നെയാണ് പിന്തുണയ്ക്കുന്നത്. രോഹിത് ശർമയുടെയും മുംബൈ ഇന്ത്യൻസിന്റെയും ആരാധകനാണ് വിഘ്‌നേഷ്. മദ്യലഹരിയിലായിരുന്ന ഇരുവരും ക്രിക്കറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. വിഘ്‌നേഷ് കോഹ്ലിയെയും ആർ.സി.ബിയെയും പരിഹസിച്ചതാണ് തർക്കങ്ങൾക്ക് കാരണം.
സംസാരവൈകല്യമുള്ള ധർമരാജിനെ വ്യക്തിപരമായി വിഘ്‌നേഷ് ആക്ഷേപിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ധർമരാജിന്റെ വിക്കുമായി ആർ.സി.ബിയെ താരതമ്യപ്പെടുത്തി. ഇത് ധർമരാജിനെ ചൊടിപ്പിക്കുകയും തൊട്ടടുത്തുണ്ടായിരുന്ന മദ്യക്കുപ്പി കൊണ്ട് വിഘ്‌നേഷിന്റെ തലയ്ക്കടിക്കുകയും ചെയ്തു. പിന്നീട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിലാണ് മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ സിഡ്‌കോ ഫാക്ടറിയിലേക്കു പോകുന്ന വഴിക്ക് തൊഴിലാളികളാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ധർമരാജിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

