കാക്കിക്കുപ്പായമിട്ട് ‘ജനാധിപത്യ ശ്രീകോവില്‍’
text_fieldsചെന്നൈ: ‘ജനാധിപത്യത്തിന്‍െറ ശ്രീകോവിലി’നു ചുറ്റും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. വിശ്വാസവോട്ടെടുപ്പിന്‍െറ സമയത്ത് തമിഴ്നാട് നിയമസഭ പ്രവര്‍ത്തിക്കുന്ന സെന്‍റ് ജോര്‍ജ് കോട്ടയുടെ അകത്തും പുറത്തും ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിയമസഭക്കുമുന്നിലെ രാജാജി സാലൈ റോഡ് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പൊലീസ് വലയത്തിലായിരുന്നു. വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാര്‍ കാറില്‍ എത്തിത്തുടങ്ങിയതോടെ സര്‍ക്കാര്‍ ബസുകളും ഒൗദ്യോഗിക വാഹനങ്ങളും മാത്രമാണ് അനുവദിച്ചത്. രാവിലെ 2000 പൊലീസുകാരാണ് ഉണ്ടായിരുന്നതെങ്കില്‍ സഭയിലെ സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ ആയിരം പേരെ കൂടി എത്തിച്ചു. ഇടിവണ്ടികള്‍ ഉള്‍പ്പെടെ 1500ഓളം പൊലീസ് വാഹനങ്ങളും നിയമസഭക്ക് ചുറ്റും ഇടംപിടിച്ചു. സെക്രട്ടേറിയറ്റിലേക്കത്തെിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍പോലും കര്‍ശന പരിശോധനക്ക് വിധേയമായി. തിരിച്ചറിയല്‍ കാര്‍ഡ് കരുതാന്‍ മറന്ന കീഴുദ്യോഗസ്ഥര്‍ക്ക് തിരികെ പോകേണ്ടിവന്നു.
കൂവത്തൂര്‍ റിസോര്‍ട്ടില്‍നിന്ന് സഭയിലേക്ക് എത്തിക്കൊണ്ടിരുന്ന എം.എല്‍.എമാര്‍ പരസ്യമായി കൂറുമാറാനുള്ള സാധ്യത അടച്ച് പൊലീസ് വലയം തീര്‍ത്തിരുന്നു. സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെപോലും തിരിച്ചയക്കാന്‍ നീക്കം നടന്നു. സെക്രട്ടേറിയറ്റിന്‍െറ താഴെ നിലയിലെ മീഡിയ മുറിയില്‍ ചിലരെ പ്രവേശിപ്പിച്ചു. ടെലിവിഷന്‍ ദൃശ്യങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. സഭാ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചവരില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സഭക്കുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഒരു വിഭാഗം പുറത്ത് പ്രതിഷേധിച്ചു. ശശികല വിഭാഗത്തിന്‍െറ നിയന്ത്രണത്തിലായ ജയ പ്ളസ് ചാനലിന് മാത്രമാണ് സഭയിലേക്ക് പ്രവേശനം ലഭിച്ചത്. സ്പീക്കറുടെ കസേര കൈയേറിയതടക്കമുള്ള പ്രതിപക്ഷപ്രകടനം ജനങ്ങളിലത്തെിക്കുകയായിരുന്നു ഇവരുടെ ‘ദൗത്യം’.
സഭാ നടപടി തുടങ്ങുന്നതിന് മുമ്പ് പത്തരയോടെ സെക്രട്ടേറിയറ്റിന്‍െറ കവാടം പൂര്‍ണമായും അടച്ചു. പ്രതിപക്ഷത്തിന്‍െറ ബഹളം ശക്തമായതോടെ പുറത്തുനിന്ന പൊലീസുകാരെ വേഷം മാറ്റി വാച്ച് ആന്‍ഡ് വാര്‍ഡാക്കി സഭയിലും എത്തിച്ചു. ഈച്ചക്കുപോലും പറക്കാനാകാതെ ജനാധിപത്യത്തിന്‍െറ ശ്രീകോവില്‍ കാക്കിക്കുപ്പായത്തില്‍ വലയം ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
