Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതം മാറിയ മുസ്‌ലിംകളുടെ സംവരണാവകാശം; സുപ്രീംകോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹരജി നൽകും

text_fields
bookmark_border
Supreme Court Gives Petitioners 10 Days to Counter EC Affidavit Defending SIR; Notices on Form 6 Plea
cancel

ചെന്നൈ: ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം ഉൾപ്പെടെയുള്ള അഹിന്ദു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന വ്യക്തികൾക്കുള്ള സംവരണ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകുമെന്ന് തമിഴ്‌നാട് സർക്കാർ. 2024ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രി സി.ടി.ആർ. നിർമൽ കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഹിന്ദു പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ, തമിഴ്‌നാട്ടിലെ വിജ്ഞാപനം ചെയ്യപ്പെട്ട ഏഴ് മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പേരിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നേടി പഴയ സംവരണ ആനുകൂല്യങ്ങൾ തുടരാൻ കഴിയില്ലെന്ന മദ്രാസ് ഹൈകോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണമനുസരിച്ച്, ഹിന്ദു മതത്തിൽനിന്ന് ഇസ്‌ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ മാറുന്ന ഒരാൾക്ക് മതപരിവർത്തനത്തിന് മുമ്പുണ്ടായിരുന്ന പിന്നാക്ക വിഭാഗ പദവിയും അതിന്റെ അടിസ്ഥാനത്തിലുള്ള സംവരണ ആനുകൂല്യങ്ങളും സ്വാഭാവികമായി തുടരാനാവില്ല. ഒരു മതത്തിലേക്കാണ് ഒരാൾ മതം മാറുന്നത്, ആ മതത്തിനുള്ളിലെ ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന ഒരു പ്രത്യേക സമുദായത്തിലേക്കല്ല എന്നായിരുന്നു കോടതിയുടെ വിശദീകരണം.

മതം മാറുന്നതിന് മുമ്പ് അനുഭവിച്ച സാമൂഹിക പിന്നാക്കാവസ്ഥയുടെ പേരിൽ മാത്രം പുതിയ മതത്തിലെ പിന്നാക്ക വിഭാഗ പദവി അവകാശപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരമുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കാൻ, മതപരിവർത്തനത്തിന് മുമ്പുള്ള സാമൂഹിക പശ്ചാത്തലം മാത്രം മതിയായ കാരണമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഭരണഘടനയിലെ പട്ടികജാതി ഉത്തരവുപ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽപ്പെട്ടവർക്കാണ് നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി പദവി ലഭിക്കുക. ഈ മതങ്ങളിൽപ്പെടാത്ത മതത്തിലേക്ക് മാറുന്നവർക്ക് പട്ടികജാതി പദവി അവകാശപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മതം മാറിയശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തുന്നവരുടെ സംവരണാവകാശം പഴയ ജാതി പദവിയുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കാനാവില്ല. പഴയ ജാതി സ്വത്വം യഥാർഥത്തിൽ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ, നിയമപരമായ നിബന്ധനകൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.

2015-ൽ ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറിയ തൂത്തുക്കുടി സ്വദേശി സമീർ അഹമ്മദ്, തമിഴ്‌നാട്ടിലെ പിന്നാക്ക മുസ്‌ലിം വിഭാഗമായ 'മുസ്‌ലിം ലെബ്ബൈ' സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷ തഹസിൽദാർ നിരസിച്ചതാണ് കേസിന് ആസ്പദമായത്. മതം മാറുന്നവർക്ക് ഈ സംവരണം അനുവദിക്കാമെന്ന് തമിഴ്‌നാട് സർക്കാർ 2024-ൽ ഉത്തരവിറക്കിയിരുന്നെങ്കിലും, ഈ സർക്കാർ ഉത്തരവ് ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതി റദ്ദാക്കുകയായിരുന്നു.

ഇസ്‌ലാമിലും ക്രിസ്തുമതത്തിലും ജാതിവ്യവസ്ഥയോ സാമൂഹികമായ തരംതിരിവുകളോ ഇല്ലെന്ന് പ്രചരിപ്പിച്ചാണ് മതപരിവർത്തനം നടത്തുന്നതെന്നും, അതിനുശേഷം ഇസ്‌ലാമിലും പിന്നാക്കാവസ്ഥയും ജാതി ശ്രേണിയും ഉണ്ടെന്ന് വാദിക്കുന്നത് പരസ്പരവിരുദ്ധമാണെന്നും മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു. ഈ വിധി ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് തമിഴ്നാട് സർക്കാർ പുനപരിശോധനാ ഹരജി നൽകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu to file review plea on converted Muslim quota order
Next Story