പെരിയാർ കടുവാ സങ്കേതത്തിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം; മുല്ലപ്പെരിയാർ കനാലിൻ്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ പകർത്തി
text_fieldsഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വനം വകുപ്പിന്റെയോ പൊലീസിന്റെയോ യാതൊരുവിധ അനുമതികളുമില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി. കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. ഇതിനിടെയാണ് കേരളത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി തമിഴ്നാട് സംഘം ആകാശദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് തമിഴ്‌നാട് പെരിയകുളം എം.എൽ.എയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.
അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മുല്ലപ്പെരിയാറിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഈ സംഘത്തോടൊപ്പം എത്തിയവരാണ് പെരിയാർ കടുവാ സങ്കേതത്തിന്റെയും മുല്ലപ്പെരിയാർ കനാലിന്റെയും ദൃശ്യങ്ങൾ അനധികൃതമായി ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചത്. സംരക്ഷിത വനമേഖലയായ കടുവാ സങ്കേതത്തിൽ ഡ്രോണുകൾ പറത്തുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും കർശന നിരോധനം നിലനിൽക്കെയാണ് ഈ പരസ്യമായ നിയമലംഘനം.
കേരളത്തിന്റെ പൂർണ്ണ അധീനതയിലുള്ള സംരക്ഷിത വനമേഖലയിലും അണക്കെട്ട് പരിസരത്തും അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. മുമ്പും സമാനമായ രീതിയിൽ തമിഴ്‌നാട് അധികൃതർ വനമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളോ സർവേകളോ നടത്തുമ്പോൾ കേരള വനംവകുപ്പ് മൗനം പാലിക്കുന്നുവെന്ന കടുത്ത വിമർശനം നിലനിൽക്കുന്നുണ്ട്.
അതീവ പ്രധാന്യമുള്ള വനഭൂമിയിൽ സുരക്ഷാ വീഴ്ച വരുത്തിയ തമിഴ്‌നാട് സംഘത്തിനെതിരെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ജനപ്രതിനിധിക്കെതിരെയും വനസംരക്ഷണ നിയമപ്രകാരം കേരള സർക്കാർ കേസെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

