തമിഴ്‌നാട് വോട്ടർപട്ടികയിൽ വൻ വെട്ടിനിരത്തൽ; 97 ലക്ഷം പേരെ ഒഴിവാക്കി, രാഷ്ട്രീയ വിവാദം കടുക്കുന്നു
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ എസ്.ഐ.ആർ നടപടികൾക്കൊടുവിൽ 97 ലക്ഷത്തിലധികം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്ത്. ഇതോടെ സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 6.41 കോടിയിൽനിന്ന് 5.43 കോടിയായി കുറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നടപടി. ഒഴിവാക്കിയതിൽ 27 ലക്ഷം പേർ മരിച്ചവരും 66 ലക്ഷം പേർ താമസം മാറിയവരും ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ള 3.4 ലക്ഷം പേരും ഉൾപ്പെടുന്നു.
ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയത് തലസ്ഥാനമായ ചെന്നൈയിലാണ്. 14.25 ലക്ഷം പേരെയാണ് ഇവിടെത്തെ പട്ടികയിൽനിന്ന് നീക്കംചെയ്തത്. കോയമ്പത്തൂരിൽ 6.5 ലക്ഷം പേരെയും ഡിണ്ടിഗലിൽ 2.34 ലക്ഷം പേരെയും ഒഴിവാക്കിയിട്ടുണ്ട്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം ആദ്യമായി ജനവിധി തേടുന്ന കരൂർ ജില്ലയിൽ 80,000 പേരെ പട്ടികയിൽനിന്ന് നീക്കി.
പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാനും ആക്ഷേപങ്ങൾ അറിയിക്കാനും ജനുവരി 18 വരെ സമയം അനുവദിച്ചിട്ടുണ്ട്. അർഹരായ ഒരൊറ്റ വോട്ടറെ പോലും പട്ടികയിൽനിന്ന് അന്യായമായി പുറത്താക്കില്ലെന്ന് കമീഷൻ വ്യക്തമാക്കി. പശ്ചിമ ബംഗാളിലും സമാനമായ നടപടിയിലൂടെ 58 ലക്ഷം പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വോട്ടർപട്ടികയിലെ ഈ വൻ വെട്ടിനിരത്തൽ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ ഡി.എം.കെയും കോൺഗ്രസും വിജയിയുടെ ടി.വി.കെയും ഇതിനെതിരെ ശക്തമായ എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും ചേർന്ന് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നടത്തുന്ന നീക്കമാണിതെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ എ.ഐ.എഡി.എം.കെ.യും ബി.ജെ.പിയും ഈ നടപടിയെ പിന്തുണച്ചു. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നത് ഭരണഘടനപരമായ നടപടിയാണെന്നും ഇതിൽ കൃത്രിമമില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

