മാർക്കറ്റിൽ 60 രൂപ വരെ, സർക്കാർ വിൽക്കുന്നത് 35ന്; ഉള്ളി വിലയിൽ തമിഴ്നാടിന്റെ ഇടപെടൽ
text_fieldsചെന്നൈ: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിൽ സബ്സിഡി നിരക്കിൽ ഉള്ളി വിൽപന തുടങ്ങി. കിലോക്ക് 35 രൂപ നിരക്കിലാണ് സർക്കാർ ഉള്ളി ലഭ്യമാക്കുന്നത്. തുറന്ന വിപണിയിൽ നിലവിൽ കിലോക്ക് 55 മുതൽ 60 രൂപ വരെയാണ് ഉള്ളിയുടെ വില.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിർദേശപ്രകാരം സഹകരണ, ഭക്ഷ്യ, ഉപഭോക്തൃ സംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ 8,914 വിൽപന കേന്ദ്രങ്ങളിലൂടെ ഉള്ളി ലഭ്യമാകും.
ആദ്യഘട്ടത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 1,000 മെട്രിക് ടൺ ഉള്ളിയാണ് സർക്കാർ സംഭരിച്ചത്. നാഷനൽ അഗ്രികൾചറൽ കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), നാഷനൽ കോഓപറേറ്റിവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻ.സി.സി.എഫ്) എന്നിവ മുഖേനയാണ് സംഭരണം.
ഓരോ കുടുംബ കാർഡ് ഉടമക്കും ഒരു കിലോ ഉള്ളി 35 രൂപക്ക് വാങ്ങാനാകും. നഗരങ്ങളിലെ റേഷൻ കടകൾ, ജില്ലാ ഉപഭോക്തൃ സഹകരണ മൊത്തവ്യാപാര സ്ഥാപനങ്ങൾ, പ്രാഥമിക സഹകരണ സ്റ്റോറുകൾ, തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷന്റെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഫാം ഫ്രഷ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലൂടെയാണ് വിൽപന.
ചെന്നൈ ടി.ടി.കെ റോഡിലെ ട്രിപ്ലിക്കെയ്ൻ അർബൻ കോഓപറേറ്റിവ് സൊസൈറ്റിയുടെ റേഷൻ കടയിൽ വ്യാഴാഴ്ച ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി. വെങ്കടരമണനും സഹകരണ മന്ത്രി വി. ഗാന്ധിരാജനും ചേർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

