Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`പുതിയ നിയമസഭാ സമുച്ചയം വേണ്ട'; ചെന്നൈയിൽ പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
`പുതിയ നിയമസഭാ സമുച്ചയം വേണ്ട; ചെന്നൈയിൽ പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ
cancel

ചെന്നൈ: പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കാനുള്ള തമിഴ്നാട് സർക്കാർ നീക്കത്തിനെതിരെ ചെന്നൈയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പദ്ധതി ഉപേക്ഷിക്കണമെന്നും ഭൂമിക്ക് പട്ടയം നൽകണമെന്നും ആവശ്യപ്പെട്ട് സമരവുമായി രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികൾ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി ചിലർ കറുത്ത വസ്ത്രം ധരിക്കുകയും കറുത്ത കൊടികൾ കൈകളിലേന്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സെപ്റ്റംബർ എട്ടിന് നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ഇതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ ഭൂമിക്ക് അവരുടെ പേരിൽ തന്നെ പട്ടയം അനുവദിക്കണമെന്ന് തമിഴ്നാട് ഫിഷർമാൻ ഫെഡറേഷൻ അംഗം ജി.ആർ. വിജയൻ ആവശ്യപ്പെട്ടു. നിരവധി വീടുകൾ ജീർണാവസ്ഥയിലാണെന്നും അവയെല്ലാം അടിയന്തരമായി പുനർനിർമിച്ച് നൽകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ സർക്കാർ ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ തമിഴ്നാട്ടിലെ എല്ലാ തീരപ്രദേശ ഗ്രാമങ്ങളെയും ഏകോപിപ്പിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിജ‍യന്‍ മുന്നറിയിപ്പ് നൽകുന്നത്.

സെപ്റ്റംബർ മൂന്നിന് നടന്ന നിയമസഭ സമ്മേളനത്തിനിടെയായിരുന്നു ചെന്നൈയിൽ 1,200 കോടി രൂപ ചെലവിട്ട് പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം നിർമിക്കുമെന്ന് മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രഖ്യാപിച്ചത്. നിലവിലെ കെട്ടിടത്തിന്റെ സ്ഥലപരിമിതിയും മറ്റുമാണ് പുതിയ സമുച്ചയം നിർമിക്കാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധത്തിന് പിന്തുണ തേടി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധിസംഘം അടുത്തിടെ സന്ദർശിച്ചിരുന്നു. പിന്നാലെ വിഷയത്തിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡി.എം.കെയും മത്സ്യത്തൊഴിലാളികളോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സ്റ്റാലിനും പ്രഖ്യാപിച്ചു

അതേസമയം, നിർദിഷ്ട സമുച്ചയത്തിനായി ബദൽ സ്ഥലങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന നിയമമന്ത്രി സി.ടി.ആർ. നിർമൽ കുമാർ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനമൊന്നും സർക്കാർ എടുത്തിട്ടില്ലെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chennai Fishermen Protest New Secretariat
Next Story