തമിഴ്നാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് എട്ടുമരണം
text_fieldsചെന്നൈ: തിരുച്ചി സമയപുരത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ എട്ടുപേർ മരിച്ചു. ചെന്നൈ മേടവാക്കം ജല്ലഡയാൻപേട്ട ശെൽവിനായകർ കോവിൽവീഥി സുബ്രമണ്യൻ (60), ഭാര്യ ജയലക്ഷ്മി (58), മക്കളായ ബാലമുരുകൻ (46), വിജയരാഘവൻ (43), ബാലമുരുകെൻറ മകൻ കന്തസാമി (11), വിജയരാഘവെൻറ ഭാര്യ ഗോമതി (40), സുബ്രഹ്മണ്യെൻറ മരുമകൻ മഞ്ജുനാഥൻ(40) ഇദ്ദേഹത്തിെൻറ മകൾ നിവേദ (15) എന്നിവരാണ് മരിച്ചത്.
കവിത, മഞ്ജുനാഥെൻറ ഭാര്യ ഭാഗ്യലക്ഷ്മി, കന്തലക്ഷ്മി, രമ്യ, ജയശ്രീ എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുച്ചി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച 4.20ന് സമയപുരം ടോൾഗേറ്റിന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ആന്ധ്രയിൽനിന്ന് വന്ന ഇരുമ്പുഭാരം കയറ്റിയ ലോറിക്ക് പിന്നിലാണ് കാറിടിച്ചത്. സുബ്രമണ്യെൻറ ഇളയമകൻ ബാലമുരുകനാണ് കാർ ഒാടിച്ചിരുന്നത്.
ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് പോവുകയായിരുന്ന സ്കോർപിയോ കാറിൽ മൊത്തം 13 പേരാണുണ്ടായിരുന്നത്. സുബ്രഹ്മണ്യെൻറ ബന്ധു പുതുതായി നിർമിച്ച വീട് കാണാനും ക്ഷേത്രങ്ങൾ സന്ദർശിക്കാനുമാണ് ഇവർ തിരുച്ചിയിലേക്ക് പോയത്. കാർ ഡ്രൈവർ ഉറങ്ങിയതാവാം കാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരുച്ചി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പ്രസ്തുത റൂട്ടിൽ മൂന്നു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
