മഴപ്പെയ്ത്തിൽ വിറങ്ങലിച്ച് തമിഴ്നാട്; ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsതൂത്തുക്കുടിയിലെ രക്ഷാപ്രവർത്തനം
ചെന്നൈ: ആഴ്ചകളുടെ ഇടവേളക്കൊടുവിൽ വീണ്ടുമൊരു പ്രളയഭീതിയിൽ തമിഴ്നാട്. നേരത്തെ, മിഗ്ജോം ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈ ഉൾപ്പെടെ വടക്കൻ തമിഴ്നാട്ടിലായിരുന്നു കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായതെങ്കിൽ ഇത്തവണ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ഉൾപ്പെടെ തെക്കൻ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. വിവിധയിടങ്ങളിലായി നാല് പേർ മഴക്കെടുതിയിൽ മരിച്ചു. നൂറകണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 100 യാത്രക്കാരെ ദേശീയ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. 400 യാത്രക്കാർ കൂടി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
തിരുച്ചെന്തൂരിൽ നിന്ന് 800 യാത്രക്കാരുമായി ചെന്നൈയിലേക്ക് പുറപ്പെട്ട ‘ഷെന്തൂർ എക്സ്പ്രസ്’ കനത്തമഴയെ തുടർന്ന് തിങ്കളാഴ്ച രാത്രി 8.30ന് ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. 300ഓളം യാത്രക്കാരെ ഇന്നലെ രാത്രിയോടെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും മഴകനത്തതിനാൽ രക്ഷാപ്രവർത്തനം മുടങ്ങുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
പലയിടങ്ങളിലും റെയിൽ, റോഡ് ഗതാഗത സംവിധാനങ്ങൾ ഭാഗികമായി തടസപ്പെട്ടിരിക്കുക്കയാണ്. നാല് തെക്കൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. തൂത്തുക്കുടി വിമാനത്താവളത്തിൽ നിന്നുള്ള എട്ട് വിമാന സർവീസുകൾ റദ്ദാക്കി. തൂത്തുക്കുടി ജില്ലയിൽ ട്രെയിൻ ഗതാഗതം താളംതെറ്റി.
തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നീ നാല് ജില്ലകളിൽ നിന്നായി 7434 പേരെ 84 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മാറ്റി. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, ഇ.വി. വേലു, പി. മൂർത്തി, ആർ.എസ്. രാജകണ്ണപ്പൻ എന്നിവരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

