
'ഈ വർഷം 75 ശതമാനം സ്കൂൾ ഫീസേ വാങ്ങാവൂ'- സ്വകാര്യ സ്കൂളുകളോട് തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: കോവിഡിൽ അടഞ്ഞുകിടന്നിട്ടും ഫീസ് പൂർണമായി ഈടാക്കുന്ന സ്കൂളുകൾക്കെതിരെ താക്കീതുമായി തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വിഭാഗം. ഈ അക്കാദമിക വർഷം പരമാവധി 75 ശതമാനം ഫീസേ ഇടാക്കാവൂ എന്നും അതിൽകൂടുതൽ വാങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.
സ്കൂളുകൾ പൂർണമായി ഫീസ് അടക്കാൻ സമ്മർദം ചെലുത്തുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നിർദേശം. 40 ശതമാനം ഫീസ് ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാം ഗഡുവായും വാങ്ങാം. സ്കൂൾ തുറന്ന് സാധാരണ നിലയിലാകുന്ന പക്ഷം ഇനിയുള്ള 25 ശതമാനം വാങ്ങുന്നത് സർക്കാർ പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 24ന് വിദ്യാലയങ്ങൾ അടച്ചതാണ്. രോഗികളുടെ എണ്ണം കുറെഞ്ഞങ്കിലും തുറക്കുന്നത് സംബന്ധിച്ച് ഇനിയും അറിയിപ്പുണ്ടായിട്ടില്ല. ഒന്നാം തരംഗത്തിൽനിന്ന് വ്യത്യസ്തമായി രണ്ടാം തരംഗം ശക്തമായതോടെ തമിഴ്നാട്ടിൽ രോഗവ്യാപനവും മരണവും കുത്തനെ ഉയർന്നിരുന്നു. എന്നിട്ടും സ്കൂളുകൾ പൂർണമായി തുക ചോദിക്കുന്നതാണ് പരാതിക്കിടയാക്കിയത്.
ഉത്തരവ് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും സർക്കാർ അയച്ചിട്ടുണ്ട്.