മാറ്റത്തിന്റെ വിസിൽ മുഴക്കം
text_fieldsചെന്നൈ: തമിഴക രാഷ്ട്രീയത്തിൽ വഴിത്തിരിവായി വിജയ്. 2024 ഫെബ്രുവരി രണ്ടിനാണ് സി.ജോസഫ് വിജയ് എന്ന വിജയ് ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) എന്ന പുതിയ രാഷ്ട്രീയ കക്ഷി രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്. സെപ്റ്റംബർ എട്ടിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം കിട്ടി. 2024 ഒക്ടോബർ 27ന് വിഴുപ്പുറം ജില്ലയിലെ വിക്കിരവാണ്ടിയിൽ തന്റെ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. തമിഴകത്ത് സിനിമയും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തിലെ കടമ്പകൾ കടക്കാൻ മുമ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഭൂരിഭാഗം സിനിമാ താരങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.
തമിഴകമെമ്പാടും സന്നദ്ധ-സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്ന രസികർ മൺറങ്ങളെയാണ് വിജയ് തന്റെ രാഷ്ട്രീയ സംഘടനയുടെ അടിത്തറയായി മാറ്റിയത്. തമിഴ്നാട്ടിൽ എം.ജി.ആറും ആന്ധ്രയിൽ എൻ.ടി.ആറും അധികാരം പിടിച്ചെടുത്തതുപോലെ തനിക്കും ജനപ്രീതി ഉപയോഗപ്പെടുത്തി രാഷ്ട്രീയത്തിൽ മുന്നേറാനാവുമെന്നാണ് വിജയ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ, അക്കാലയളവിൽ എം.ജി.ആറിനും എൻ.ടി.ആറിനും ഉണ്ടായിരുന്ന അനുകൂല രാഷ്ട്രീയ സാഹചര്യമല്ല തമിഴകത്ത് വിജയ്ക്കുണ്ടായിരുന്നത്. എന്നാൽ, ഇതിനെയും മറികടന്ന് വിജയ് തമിഴക രാഷ്ട്രീയത്തിൽ കൊടുങ്കാറ്റായി മാറുകയായിരുന്നു. എം.കെ. സ്റ്റാലിന്റെയും ഉദയനിധി സ്റ്റാലിന്റെയും നേതൃത്വത്തിലുള്ള ഡി.എം.കെയെ രാഷ്ട്രീയമായി നേരിട്ട് പരാജയപ്പെടുത്തുകയെന്നത് അത്ര എളുപ്പമുള്ളതായിരുന്നില്ല. മുഖ്യമന്ത്രി സ്റ്റാലിന്റെ ജനപ്രീതിയാണെങ്കിൽ ദേശീയതലത്തിൽ വരെ വർധിക്കുകയും ചെയ്തിരുന്നു. വിജയ് യുടെ രംഗപ്രവേശം മുന്നിൽക്കണ്ടാണ് ഡി.എം.കെ, സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായിരുന്ന ഉദയനിധിയെ തിരക്കിട്ട് ഉപമുഖ്യമന്ത്രി പദവിയിലേക്ക് ഉയർത്തിയത്. വിഘടനവാദമുയർത്തുന്ന ബി.ജെ.പിയെ പ്രത്യയശാസ്ത്ര വിരോധിയായും, പെരിയാറിനെയും അണ്ണാദുരൈയെയും മുൻനിർത്തി ദ്രാവിഡ മാതൃകയുടെ പേരിൽ കുടുംബാധിപത്യ രാഷ്ട്രീയം നടത്തുന്ന ഡി.എം.കെയെ മുഖ്യ രാഷ്ട്രീയ ശത്രുവായും പ്രഖ്യാപിച്ചാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങിയത്.
തമിഴകത്ത് രാഷ്ട്രീയ പാർട്ടി തുടങ്ങുന്ന ആദ്യ നടനല്ല വിജയ്. അവരിൽ ചരിത്രം സൃഷ്ടിച്ചത് എം.ജി.ആറും കരുണാനിധിയും ജയലളിതയും മാത്രമാണ്. എം.ജി.ആറിനും ജയലളിതക്കും ശേഷം മറ്റൊരു സിനിമാതാരത്തിനും തമിഴകത്ത് അധികാരത്തിലേറാൻ കഴിഞ്ഞിട്ടില്ല. എം.ജി.ആറിനൊപ്പം തമിഴ് സിനിമാ രംഗത്ത് നിറഞ്ഞുനിന്ന ശിവാജി ഗണേശൻ ‘തമിഴക മുന്നേറ്റ മുന്നണി’ രൂപവത്കരിച്ചെങ്കിലും അധികം താമസിയാതെ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. സിനിമാരംഗത്ത് ഏറെ ശോഭിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിനും രാഷ്ട്രീയത്തിൽ തിളങ്ങാനായില്ല. രാഷ്ട്രീയത്തിൽ ഒറ്റക്ക് പാർട്ടി തുടങ്ങിയ നടനും സംവിധായകനുമായ ടി.രാജേന്ദറും വിജയിച്ചില്ല. എന്നാൽ, വിജയകാന്ത് ‘ദേശീയ മുർപോക് ദ്രാവിഡ കഴകം’ എന്ന പേരിൽ പാർട്ടി തുടങ്ങി ശ്രദ്ധേയമായ നേട്ടമാണ് ഉണ്ടാക്കിയത്. ആദ്യ തെരഞ്ഞെടുപ്പിൽ എം.എൽ.എയായും അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായും ഉയർന്നു.
ശരത്കുമാർ ‘ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി’ എന്ന സംഘടനക്ക് രൂപം നൽകിയെങ്കിലും ഒന്നും നേടാനായില്ല. ഈയിടെ പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. വർഷങ്ങളായി തമിഴ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന കമൽഹാസനാണ് രാഷ്ട്രീയത്തിലിറങ്ങിയ മറ്റൊരു താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

