"സംസ്ഥാനത്തിന് ഗുണം ചെയ്യില്ല": കേന്ദ്രത്തിന്‍റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് എം.പിമാർ ഒന്നിക്കുന്നു
text_fieldsചെന്നൈ: കേന്ദ്ര സർക്കാറിന്‍റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ശനിയാഴ്ച സംസ്ഥാനത്തെ എം.പിമാരുടെ നിർണായക യോഗം വിളിച്ചുചേർത്തു. പ്രധാന പ്രാദേശിക പാർട്ടികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ചർച്ചയിൽ കോൺഗ്രസ്, വി.സി.കെ, സി.പി.ഐ, സി.പി.ഐ.എം, എം.ഡി.എം.കെ, ഐ.യു.എം.എൽ എന്നീ പാർട്ടികളിൽ നിന്നുള്ള ലോക്‌സഭ, രാജ്യസഭ അംഗങ്ങളായ 21 ഓളം ജനപ്രതിനിധികൾ പങ്കെടുത്തു. തമിഴ്‌നാടിന്‍റെ രാഷ്ട്രീയ പ്രാധാന്യത്തെ ബാധിക്കുന്ന തരത്തിലുള്ള ജനസംഖ്യാധിഷ്ഠിത മണ്ഡല പുനർനിർണയം ശക്തമായി എതിർക്കപ്പെടണം എന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കളുടെ ഒറ്റക്കെട്ടായുള്ള നിലപാട്.
സംസ്ഥാനത്തിന്‍റെ പാർലമെന്‍ററി പ്രാതിനിധ്യം യാതൊരു കാരണവശാലും കുറയാൻ പാടില്ലെന്ന് സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ലോക്‌സഭാ എം.പി കാർത്തി ചിദംബരം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് തമിഴ്‌നാടിന്‍റെ അവകാശങ്ങൾക്കായി ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ അദ്ദേഹം എല്ലാ പാർട്ടികളോടും അഭ്യർഥിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള ഇരുസഭകളിലെയും എം.പിമാരിൽ 21 പേരോളം യോഗത്തിൽ പങ്കെടുത്തെന്നും, സംസ്ഥാനത്തിന്‍റെ സീറ്റ് വിഹിതം മാറ്റാൻ പാടില്ലെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കാർത്തി ചിദംബരം വ്യക്തമാക്കി.
"പാർലമെന്‍റിലെ നമ്മുടെ പ്രാതിനിധ്യം കുറയ്ക്കാൻ പാടില്ല. ജനസംഖ്യാടിസ്ഥാനത്തിലായാലും ആനുപാതികമായ വർധനവിന്‍റെ അടിസ്ഥാനത്തിലായാലും, ഏതുതരം മാറ്റങ്ങളെയും പുനർനിർണയത്തെയും പ്രതിരോധിക്കും. പാർലമെന്‍റ് സീറ്റുകൾ 543 ആയി പരിമിതപ്പെടുത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 543 അംഗങ്ങളുള്ള സഭയിൽ തമിഴ്‌നാടിന് 39 അംഗങ്ങൾ ഉണ്ടായിരിക്കും,"കാർത്തി ചിദംബരം പറഞ്ഞു കോൺഗ്രസ് എം.പി ജോതിമണിയും കാർത്തിയുടെ നിലപാടിനെ പിന്തുണച്ചു.
സംസ്ഥാനത്ത് ദീർഘകാലം ഭരണത്തിലിരുന്ന ചരിത്രമുണ്ടായിട്ടും യോഗത്തിൽ നിന്ന് വിട്ടുനിന്നതിന് ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെയെയും കോൺഗ്രസ് എം.പി പ്രവീൺ ചക്രവർത്തി വിമർശിച്ചു. "തമിഴ്‌നാട്ടിലെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ 6 തവണ സംസ്ഥാനം ഭരിച്ച പാർട്ടിയും 5 തവണ ഭരിച്ച പാർട്ടിയും പങ്കെടുക്കാതിരുന്നത് വളരെ നിരാശാജനകമാണ്," അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ ആവശ്യം വളരെ വ്യക്തമാണ്. ആകെ സീറ്റുകളുടെ എണ്ണത്തിലോ തമിഴ്‌നാടിന്‍റെ സീറ്റുകളുടെ വിഹിതത്തിലോ ഒരു മാറ്റവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ, നീതിയുക്തമായ പുനർനിർണയം എന്ന് പറയുന്നതിൽ കാര്യമില്ല. പുനർനിർണയം നടത്താതിരിക്കുക എന്നത് മാത്രമാണ് ഏക ആവശ്യം," പ്രവീൺ വ്യക്തമാക്കി. കോൺഗ്രസ് എം.പി വിഷ്ണു പ്രസാദും ഈ വിമർശനത്തെ പിന്തുണച്ചു.
ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനർനിർണയം പാർലമെന്‍റിലെ പ്രാതിനിധ്യം കുറയ്ക്കുമോ എന്ന് പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ആശങ്കപ്പെടുന്നുണ്ട്. ടി.വി.കെ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, പി.എം.കെ എന്നീ പാർട്ടികൾ വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മണ്ഡല പുനർനിർണയത്തിലുള്ള ടി.വി.കെ സർക്കാറിന്‍റെ നിലപാടിനെയും ചർച്ചക്ക് വ്യക്തമായ അജണ്ടയില്ലെന്നതിനെയും ഡി.എം.കെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

