തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി 28 വരെ റിമാൻഡിൽ
text_fieldsചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയെ ഈമാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബാലാജി ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നടപടികൾ പൂർത്തിയാക്കിയത്.
18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു മന്ത്രിയുടെ അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നാടകീയ സംഭവങ്ങളാണ് ആശുപത്രിയിൽ അരങ്ങേറിയത്. 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം തളർന്നുവീഴുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചില്ല. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് ഇളങ്കോ പറഞ്ഞു. ബി.ജെ.പി വിരട്ടിയാൽ തങ്ങൾ പേടിക്കില്ലെന്നായിരുന്നു ഉദയ്‌നിധി സ്റ്റാലിന്റെ പ്രതികരണം.
ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫിസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.