കാത്തിരുന്ന ജോലി കിട്ടിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു; കാരണം വിചിത്രം
text_fieldsനാഗർകോവിൽ: ഏറെക്കാലത്തെ പരിശ്രമത്തിനും പ്രാർഥനകൾക്കും ഒടുവിലാണ് തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശിയായ നവീൻ എന്ന 32കാരന് ജോലി ലഭിച്ചത്. അതും ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിൽ മെച്ചപ്പെട്ട ജോലി.
എന്നാൽ, ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും നവീൻ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീട് നാട്ടുകാർ കണ്ടത് റെയിൽപാളത്തിൽ ചിന്നിച്ചിതറിയ നവീന്‍റെ മൃതദേഹമായിരുന്നു.
പൊലീസ് എത്തി നവീന്‍റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ഇത് വായിച്ചപ്പോഴാണ് എല്ലാവരും ഒരുപോലെ ഞെട്ടിയത്.
എൻജിനീയറിങ് പഠനം കഴിഞ്ഞ് ഏറെക്കാലമായിട്ടും ജോലി ലഭിക്കാത്തതിനാൽ നവീൻ ഏറെ നിരാശയിലായിരുന്നു. ജോലി ലഭിക്കുകയാണെങ്കിൽ തന്‍റെ ജീവൻ ദൈവത്തിന് നേർച്ചയായി നൽകാമെന്ന് നവീൻ പ്രാർഥിച്ചിരുന്നു. ഈ പ്രാർഥന നിറവേറ്റാനാണ് ജീവനൊടുക്കിയതെന്നും താൻ ഇനി ദൈവത്തോടൊപ്പമുണ്ടാകുമെന്നും മാതാപിതാക്കൾക്ക് എഴുതിയ കുറിപ്പിൽ പറയുന്നു.
മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിൽ വന്ന ശേഷമാണ് യുവാവ് നാഗർകോവിലിലേക്ക് പോയത്. തുടർന്ന് സുഹൃത്തുക്കളെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ നാഗർകോവിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

