‘തമിഴ്നാട്’ വിവാദത്തിൽനിന്ന് തലയൂരി ഗവർണർ
text_fieldsചെന്നൈ: ‘തമിഴ്നാട്’ വിവാദത്തിൽനിന്ന് പിന്മാറി ഗവർണർ ആർ.എൻ. രവി. തമിഴ്നാടിന്‍റെ പേര് ‘തമിഴകം’ എന്നാക്കി മാറ്റണമെന്ന് താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ബുധനാഴ്ച ഗവർണർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നത്. സമീപകാലത്തെ ഗവർണറുടെ നടപടികളിൽ കേന്ദ്ര ബി.ജെ.പി നേതൃത്വം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മലക്കംമറിച്ചിൽ.
കാശിയും തമിഴ്നാടും തമ്മിലുണ്ടായിരുന്ന സാസ്കാരിക ബന്ധത്തെ അനുസ്മരിക്കുന്നതിന് രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ സാന്ദർഭികമായാണ് ‘തമിഴകം’ എന്ന വാക്ക് ഉച്ചരിച്ചതെന്നും പ്രാചീനകാലത്ത് ‘തമിഴ്നാട്’ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് തമിഴകമെന്ന് പ്രസംഗത്തിൽ പറഞ്ഞതെന്നും ഗവർണർ പ്രസ്താവനയിൽ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഗവർണറുടെ നിലപാടുകൾ തിരിച്ചടിയായെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തലെന്നും റിപ്പോർട്ടുണ്ട്. സനാതന ധർമത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്‍റെ പരസ്യ പരാമർശങ്ങളും വൻ വിവാദത്തിന് കാരണമായിരുന്നു.
ഇതിനെതിരെ തമിഴ്നാട് നിയമസഭക്കകത്തും പുറത്തും ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലെ ‘തമിഴ്നാട്’, ’ദ്രാവിഡ മാതൃക’, പെരിയാർ ഉൾപ്പെടെയുള്ള വാക്കുകൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ പ്രമേയം കൊണ്ടുവന്നതും ഗവർണർ നിയമസഭയിൽ ഇറങ്ങിപ്പോക്ക് നടത്തിയതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രാജ്ഭവനിലെ പൊങ്കൽ തമിഴ് ക്ഷണപത്രികയിൽ ‘തമിഴ്നാട്’ ഒഴിവാക്കി ‘തമിഴകം’ എന്നാണ് അച്ചടിച്ചിരുന്നത്. സംസ്ഥാന മുദ്ര ഒഴിവാക്കി കേന്ദ്ര സർക്കാർ ചിഹ്നം പതിച്ചതും ഒച്ചപ്പാടിനിടയാക്കി. ‘ആർ.എൻ. രവി ഗെറ്റൗട്ട്’ ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്തു. ഇതേത്തുടർന്ന് കേന്ദ്രം ഗവർണറെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ഗവർണറുടെ വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.