ലൈംഗിക കുറ്റകൃത്യങ്ങൾ: ശിക്ഷ വർധിപ്പിക്കുന്ന ബില്ലിന് തമിഴ്നാട് ഗവർണറുടെ അംഗീകാരം
text_fieldsചെന്നൈ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന നിർണായക ബില്ലിന് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി അംഗീകാരം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ഹീന കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉൾപ്പെടെ കർശനശിക്ഷ വ്യവസ്ഥചെയ്യുന്ന ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.
സ്ത്രീകൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവ് വരെയും 12 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് വധശിക്ഷയും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് വർഷംവരെ തടവും ലഭിക്കും. ആദ്യമായി കുറ്റകൃത്യം ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെയും ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെയും തടവുശിക്ഷ ലഭിക്കും.
ആസിഡ് ആക്രമണത്തിലൂടെ പരിക്കേൽപ്പിക്കുന്നതിന് ജീവപര്യന്തം തടവോ വധശിക്ഷയോ ആണ് ശിക്ഷ. ബില്ലിന് ഗവർണർ അനുമതി നൽകിയെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയാൽ മാത്രമേ നടപ്പാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

