കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലിനെ സംരക്ഷിക്കാൻ തമിഴ്നാട് ഗവൺമെന്റിന്റെ ഒരുകോടിയുടെ പദ്ധതി
text_fieldsവേഴാമ്പൽ
ചെന്നൈ: കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലിനെ സംരക്ഷിക്കാൻ തമിഴ്നാട് ഗവൺമെന്റിന്റെ ഒരുകോടിയുടെ പദ്ധതി. ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ദി കൺസർവേഷൻ ഓഫ് ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ എന്ന കേന്ദ്രമാണ് തമിഴ്നാട് സർക്കാർ ആരംഭിക്കുന്നത്. ധനകാര്യ വകുപ്പ് ഇതിനായി ഒരു കോടിയുടെ അംഗീകാരം നൽകിയതായി തമിഴ്നാട് വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു.
വേഴാമ്പലുമായി ബന്ധപ്പെട്ട ഗവേഷണം, നിരീക്ഷണം, മൂവ്മെന്റ് ഇക്കോളജി, ദേശീയ ചരിത്ര വിവരശേഖരണം, ഭക്ഷണം, കൂടുകൂട്ടുന്ന മരങ്ങൾ എന്നിവയുടെ സർവേ, ജനിതക വൈവിധ്യ പഠനം തുടങ്ങിയവയാണ് പദ്ധതികൾ.
വേഴാമ്പലിന്റെ ആവാസവ്യവസ്ഥയുടെ സംരക്ഷണം, കൂടുകളുടെ സംരക്ഷണം, മരങ്ങളുടെ സംരക്ഷണം, കൃത്രിമ കൂട് നിർമാണം തുടങ്ങിയവ നടപ്പാക്കും. ഗവേഷകർക്കായി ലാബ്, സെമിനാർ ഹാൾ, താമസ സൗകര്യം ഒരുക്കൽ എന്നിവക്കായി സ്ഥലം കണ്ടെത്തൽ തുടങ്ങിക്കഴിഞ്ഞു.
നേച്ചർ കൺസർവേഷൻ ഫൗണ്ടേഷൻ, സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആന്റ് നാച്ചുറൽ ഹിസ്റ്ററി, അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷൻ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഇന്ത്യ തുടങ്ങിയ ആധികാരിക സംഘടനകളുടെ സഹകരണം പദ്ധതിക്കായി തേടും. നാടൻ അറിവുകളുള്ള തദ്ദേശീയരുടെ സഹായവും തേടുമെന്ന് വനംവകുപ്പ് സെക്രട്ടറി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

