രാജ്യത്ത് ആദ്യമായി ഡെലിവറി ജോലിക്കാർക്ക് സൗജന്യ എ.സി വിശ്രമകേന്ദ്രമൊരുക്കി തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ: ഡെലിവറി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൗജന്യ എ.സി വിശ്രമകേന്ദ്രമൊരുക്കി തമിഴ്നാട് സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം സർക്കാർ നടപ്പിലാക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഒരു പോലെ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികൾക്ക് വേണ്ടരീതിയിൽ വിശ്രമം ഉറപ്പുവരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫുഡ്, ഗ്രോസറി, പാർസൽ ഡെലിവറി തൊഴിലാളികൾക്ക് ഈ വിശ്രമകേന്ദ്രം ഉപയോഗിക്കാമെന്ന് അധികൃതർ പറഞ്ഞു.
25 ലക്ഷം രൂപ ചെലവിൽ സ്കാൻഡിനേവിയൻ സ്റ്റൈലിൽ നിർമ്മിച്ച ഈ ശീതികരിച്ച മുറിയിൽ ഒരേ സമയം 25 പേർക്ക് വിശ്രമിക്കാം. വിശ്രമകേന്ദ്രത്തിൽ സൗജന്യമായി കുടിവെള്ളം, ചാർജിങ് പോയിന്റുകൾ, ബാത്രൂം സംവിധാനം എന്നിവ ഉണ്ടാകും. ഇത് സ്ത്രീകളുൾപ്പെടെയുള്ള ജോലിക്കാർക്ക് ഏറെ ആശ്വാസകരമാകും.
'ശക്തമായ മഴയിലും ചൂടുള്ള സമയത്തും അൽപം വിശ്രമിക്കാൻ അടച്ചിട്ട കടമുറികളുടെയും ഡെലിവറി എടുക്കുന്ന ഹോട്ടലുകളുടെയും മുൻവശങ്ങളാണ് ഞങ്ങൾ ആശ്രയിക്കുന്നത്. ജോലിക്കിടയിൽ വിശ്രമിക്കാൻ ഒരു സ്ഥലം ഇല്ലായിരുന്നു. എന്നാൽ സർക്കാരിന്റെ ഈ പദ്ധതി പ്രകാരം സ്ത്രീകളുൾപ്പെടെയുള്ള ഞങ്ങൾക്ക് ഒരു വിശ്രമകേന്ദ്രമാകുകയാണ്. തമിഴ്നാട് സർക്കാരിനും ചെന്നൈ കോർപറേഷനും ഞങ്ങൾ നന്ദി പറയുന്നുവെന്ന്' ഡെലിവറി തൊഴിലാളിയായ അനുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ പ്രൊജക്റ്റ് വിജയകരമാകുന്നതോടെ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ഇത്തരം വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാൻ ചെന്നൈ കോർപറേഷൻ പദ്ധതിയിടുന്നതായി കോർപറേഷൻ അംഗം പറഞ്ഞു. തമിഴ്നാട് സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണ് എന്നും അംഗം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

