തമിഴ്നാട്ടിലെ പാറ നിയന്ത്രണം: രണ്ട് മാസമായി പ്രതിസന്ധിയിലെന്ന് ലോറി ഉടമകൾ
text_fieldsതിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്വാറിയുൽപ്പന്നങ്ങൾ നൽകുന്നത് നിരോധിച്ച തമിഴ്നാട് സർക്കാർ നടപടി ഹെവി വെഹിക്കിൾ ഉടമകളെയും തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലാക്കിയെന്ന് ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റി (ഐ.ഡി.എസ് ), ടിപ്പർ ആൻഡ് ട്രെയിലർ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രണ്ട് മാസമായി നിയന്ത്രണം തുടരുകയാണ്. തിരുനെൽവേലി വിരുദ്നഗർ, തെങ്കാശി എന്നിവിടങ്ങളിൽ നിന്നാണ് ക്വാറി ഉൽപ്പന്നങ്ങൾ പ്രധാനമായും കേരളത്തിലേക്കെത്തുന്നത്. 1000 ഓളം ടിപ്പർ ലോറികൾ ഇവിടങ്ങളിൽ നിന്ന് നിർമാണ സാമഗ്രികൾ കേരളത്തിലേക്കെത്തിക്കുന്നുണ്ട്. പ്രതിദിനം 40,000 ടൺ പാറയാണ് ഇങ്ങോട്ടെത്തിയിരുന്നത്.
നിയന്ത്രണം വന്നതോടെ ഇവയെല്ലാം നിന്നു. 2023 ജൂൺ മുതൽ തന്നെ, തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പാറയുൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് തുടർച്ചയായി തമിഴ്നാട് സർക്കാർ ഓരോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്ര വീലുള്ള വാഹനങ്ങൾ പ്രവേശിക്കരുത്, നിശ്ചയിച്ചിട്ടുള്ള റോഡുകളിൽ കയറരുത്, ലോഡെടുക്കൽ മാസത്തിൽ ഒൻപത് ദിവസങ്ങളിൽ മാത്രം എന്നിങ്ങനെയായിരുന്നു നിയന്ത്രണങ്ങൾ. ഇത് ഇപ്പോൾ പൂർണ നിരോധനത്തിലേക്ക് മാറിയിരിക്കുകയാണ്. വായ്പയെടുത്താണ് മിക്ക ഉടമകളും വാഹനങ്ങൾ വാങ്ങിയിട്ടുള്ളത്. തിരിച്ചടവ് മുടങ്ങുന്നത് മാത്രമല്ല പാദവാർഷിക നികുതിയടക്കം വലിയ നഷ്ടമുണ്ടാവുകയാണെന്നും ഉടമകൾ കൂട്ടിച്ചേർത്തു. ഭാരവാഹികളായ ജി. നാഗരാജ്, എം.ആർ നന്ദു, ഷിബു മംഗലശ്ശേരി, സ്വാതി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

