പൂജാ ചടങ്ങുകൾക്കിടെ അഞ്ച് പൂജാരിമാർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
text_fieldsചെന്നൈ: താംബരത്തിനടുത്ത മടിപ്പാക്കം മൂവരസംപേട്ട ധർമലിംഗേശ്വരർ ക്ഷേത്രക്കുളത്തിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ചെന്നൈ മടിപ്പാക്കം രാഘവൻ (18), മനീഷ് (20), കീഴ്ക്കട്ടളൈ യോഗേശ്വരൻ (23), പാനേഷ് (22), നങ്കനല്ലൂർ സ്വദേശി ആർ. സൂര്യ (24) എന്നിവരാണ് ദാരുണമായി മരിച്ചത്. ക്ഷേത്രത്തിലെ പങ്കുനിഉത്രം ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ നടന്ന ‘തീർഥവാരി’യെന്ന ചടങ്ങിനിടെയാണ് സംഭവം.
പൂജാരിമാരും ഭക്തജനങ്ങളുമടങ്ങുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം വിഗ്രഹം കയറ്റിയ പല്ലക്ക് തോളിലേറ്റി പൂർണകുംഭങ്ങളുമായി ക്ഷേത്രക്കുളത്തിൽ മൂന്നുതവണ മുങ്ങി വേദമന്ത്രോച്ചാരണങ്ങൾ നടത്തുന്ന ചടങ്ങിനിടെയാണ് ചിലരുടെ കാലുകൾ ചളിയിൽ താഴ്ന്നു മുങ്ങിയത്.
അഞ്ചു യുവാക്കളെ കാണാതായതോടെ പൊലീസും അഗ്നിരക്ഷാ സേനയുമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

