32 പേരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ് മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsചെന്നൈ: 32 സഹപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അഞ്ച് ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വടക്കൻ മാന്നാർ മേഖലക്കു സമീപം മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെ അറസ്റ്റ് നടന്നത് തീരദേശ സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
കഴിഞ്ഞ ശനിയാഴ്ച 5000ത്തോളം മത്സ്യത്തൊഴിലാളികൾ 450 ബോട്ടുകളിലായി കടലിൽ പോയപ്പോൾ ശ്രീലങ്കൻ നാവികസേനയുടെ പട്രോളിംഗ് കപ്പലുകൾ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് അവരെ തടയുകയായിരുന്നു. അഞ്ച് ബോട്ടുകൾ പിടിച്ചെടുത്ത നാവികസേന 32 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത ശേഷം തലൈമന്നാർ നേവൽ ക്യാമ്പിലേക്ക് മാറ്റി.
മത്സ്യത്തൊഴിലാളികളെയും പിടിച്ചെടുത്ത ബോട്ടുകളും ഉടൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കടലിൽ ഇറങ്ങാൻ വിസമ്മതിച്ചതോടെ 700 ബോട്ടുകൾ രാമേശ്വരം മത്സ്യബന്ധന തുറമുഖത്ത് നങ്കൂരമിട്ടു. പണിമുടക്ക് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും മറ്റ് തീരദേശ ജില്ലകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളി നേതാക്കൾ മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന അവകാശവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ വിമർശിച്ചു.
ഫെബ്രുവരി ആദ്യം, സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയും അവരുടെ രണ്ട് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാമേശ്വരം ഫിഷിങ് ഹാർബറിൽനിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികൾ വടക്കൻ മാന്നാർ മേഖലക്കു സമീപം ശ്രീലങ്കൻ നാവികസേനയുടെ പട്രോളിങ് കപ്പൽ തടഞ്ഞു. അറസ്റ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിലെ കിളിനോച്ചിയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് ഫിഷറീസ് വകുപ്പ് അധികൃതർക്ക് കൈമാറി. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇവരെ ഫെബ്രുവരി 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

