'അറസ്റ്റ് ഒഴിവാക്കാൻ ആധാറിൽ തിരുത്ത്', 14കാരി ഗർഭം രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോൾ പുറത്തു വന്നത് ശൈശവ വിവാഹങ്ങളുടെ പരമ്പര
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ശൈശവ വിവാഹങ്ങൾ നടത്താൻ പെൺകുട്ടികളുടെ ആധാർ കാർഡുകളിൽ തിരുത്തൽ വരുത്തുന്നു എന്ന് റിപ്പോർട്ട്. ശൈശവ വിവാഹങ്ങൾ മറച്ചുവെക്കുന്നതിനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കുടുംബങ്ങൾ ആധാർ കാർഡ് വിവരങ്ങൾ കൃത്രിമമായി ചേർത്തതായി അധികൃതർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ആറ് കേസുകളെങ്കിലും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ കേളമംഗലം ബ്ലോക്കിൽ നിന്നാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗർഭിണികളെ നിരീക്ഷിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഉപയോഗിക്കുന്ന ഡിജിറ്റൽ ട്രാക്കിങ് പ്ലാറ്റ്‌ഫോമായ പ്രെഗ്നൻസി ആൻഡ് ഇൻഫന്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ (പി.ഐ.സി.എം.ഇ) സംവിധാനത്തിലൂടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.
ഡാറ്റ എൻട്രി സമയത്ത്, പെൺകുട്ടികളുടെ ആധാറുമായി ബന്ധിപ്പിച്ച പി.ഐ.സി.എം.ഇ രേഖകളും അവർ കൈവശം വെച്ചിരുന്ന ഭൗതിക ആധാർ കാർഡുകളും തമ്മിലെ പൊരുത്തക്കേടുകൾ ആരോഗ്യ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. 29 വയസ്സുള്ള ഒരാളെ വിവാഹം കഴിച്ച 14കാരി നാഗമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗർഭം രജിസ്റ്റർ ചെയ്യാൻ എത്തിയിരുന്നു. ആധാർ കാർഡിലെ പ്രായം 20 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, പി.ഐ.സി.എം.ഇ രേഖകളിൽ യഥാർഥ പ്രായം 14 ആണെന്ന് കൃത്യമായി കാണിച്ചിരുന്നു.
അന്വേഷണത്തിൽ, ശൈശവ വിവാഹ നിയമപ്രകാരം അറസ്റ്റ് ഒഴിവാക്കാൻ ഡെങ്കനിക്കോട്ടയിലെ പ്രാദേശിക ബ്രൗസിങ് സെന്ററിൽ 200 രൂപക്ക് ആധാറിലെ ജനനത്തീയതിയിൽ മാറ്റം വരുത്തിയതായി പെൺകുട്ടിയും ഭർത്താവും സമ്മതിച്ചു. പെൺകുട്ടിയെ ഹൊസൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന്, ഡെങ്കനിക്കോട്ടൈ വനിത പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ റായക്കോട്ടൈയിലെയും ഡെങ്കനിക്കോട്ടൈയിലെയും വിവിധ ബ്രൗസിങ് സെന്ററുകളിലും ഫോട്ടോ സ്റ്റുഡിയോകളിലും 500 രൂപക്ക് വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നുണ്ടെന്ന് കണ്ടെത്തി.
തട്ടിപ്പിന് സൗകര്യമൊരുക്കുന്നതിൽ ആരോഗ്യവകുപ്പിലെ ചില ജീവനക്കാർക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. തിരിച്ചറിഞ്ഞ ബ്രൗസിങ് സെന്ററുകളും സ്റ്റുഡിയോകളും ഒരു സംഘം പരിശോധിക്കുമെന്ന് കേളമംഗലം ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. സി. രാജേഷ് കുമാർ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കരുതെന്ന് വില്ലേജ് ഹെൽത്ത് നഴ്‌സുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആധാർ തട്ടിപ്പിനെ പിന്തുണച്ചതിന് ബെറ്റമുഗിലലം പഞ്ചായത്തിലെ ഒരു ആരോഗ്യ പ്രവർത്തകനെ പിരിച്ചുവിട്ടുണ്ട്.
2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ കൃഷ്ണഗിരി ജില്ലയിൽ ആകെ 545 കൗമാര ഗർഭധാരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷൂളഗിരി (81), കൃഷ്ണഗിരി റൂറൽ (72), കേളമംഗലം (66) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്. ആധാറിൽ കൃത്രിമം കാണിക്കൽ, ശൈശവ വിവാഹം എന്നിവയിൽ ഉൾപ്പെട്ടവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

