തമിഴകം തെരഞ്ഞെടുപ്പ് ചൂടിലേക്ക്
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയകക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു. സംസ്ഥാനത്തെ 234 നിയമസഭ സീറ്റുകളിലേക്കും ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 30ന് തുടങ്ങും. ഏപ്രിൽ ആറാണ് അവസാന തീയതി. ഡി.എം.കെ സഖ്യം, അണ്ണാ ഡി.എം.കെ-ബി.ജെ.പി മുന്നണി, ടി.വി.കെ, നാം തമിഴർ കക്ഷി എന്നിവ തമ്മിലുള്ള ചതുഷ്കോണ മത്സരമാണ് അരങ്ങേറുന്നത്. ഡി.എം.കെ 164 സീറ്റിലും അണ്ണാ ഡി.എം.കെ 167 സീറ്റിലും സ്വന്തം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ടി.വി.കെയും നാം തമിഴർ കക്ഷിയും 234 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാം തമിഴർ കക്ഷിയുടെ 234 സ്ഥാനാർഥികളിൽ 117 പേരും വനിതകളാണെന്നതും ശ്രദ്ധേയമാണ്.
മുഖ്യ രാഷ്ട്രീയ കക്ഷികളെല്ലാം നിരവധി വാഗ്ദാനങ്ങളുമായി പ്രകടന പത്രികകളും പുറത്തിറക്കി. 75,032 പോളിങ് ബൂത്തുകളിലായി മൊത്തം 5.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 2.8 കോടി സ്ത്രീകൾ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണി 159 സീറ്റുകൾ നേടിയപ്പോൾ അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം 75 സീറ്റുകളാണ് നേടിയത്. ഇതിൽ 133 സീറ്റുകൾ ഡി.എം.കെയും 66 സീറ്റുകൾ അണ്ണാ ഡി.എം.കെയും തനിച്ചുനേടി.
തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകത്തിന്റെ രാഷ്ട്രീയ രൂപമായ മനിതനേയ മക്കൾ കക്ഷി ഡി.എം.കെ സഖ്യത്തിലെ ഘടകകക്ഷിയാണ്. ഇവർക്ക് അനുവദിച്ച നാഗപട്ടണം മണ്ഡലത്തിൽ പ്രഫ. ജവഹറുല്ലയും മണപാറ മണ്ഡലത്തിൽ അബ്ദുൽ സമദും മത്സരിക്കും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്റ്റാലിനെ കൊളത്തൂരിൽ നേരിട്ട അണ്ണാ ഡി.എം.കെ സ്ഥാനാർഥി ആദി രാജാറാം ഇത്തവണ ചേപ്പാക്കത്ത് സ്റ്റാലിന്റെ മകൻ ഉദയ്നിധിയെയാണ് നേരിടുന്നത്. െകാളത്തൂരിൽ ഇത്തവണ സ്റ്റാലിനെ നേരിടുന്ന അണ്ണാ ഡി.എം.കെ സ്ഥാനാർഥി സന്താന കൃഷ്ണനാണ്. ഡോ. കൃഷ്ണസാമി നയിക്കുന്ന പുതിയ തമിഴകം കക്ഷി ഒറ്റക്ക് മത്സരിക്കും. ഡി.എം.കെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രായമുള്ള സ്ഥാനാർഥി പാർട്ടി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുകനാണ് (87).
നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന്റെ ഭർത്താവും നടനും സംവിധായകനുമായ സി. സുന്ദറാണ് മധുര മധ്യ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി. കൊല്ലപ്പെട്ട തമിഴ്നാട് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) നേതാവ് ആംസ്ട്രോങ്ങിന്റെ ഭാര്യ പൊർക്കൊടി ചെന്നൈ തിരുവിക്കാ നഗർ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥിയായി മത്സരിക്കും.
വിജയ് രണ്ടിടത്ത് ജനവിധി തേടും
234 സീറ്റുകളിലേക്കും ടി.വി.കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ് രണ്ട് സീറ്റുകളിൽ ജനവിധി തേടും. ഹർഷാരവങ്ങൾക്കിടെ ‘സി. ജോസഫ് വിജയ്’ എന്ന പേരിലാണ് വിജയ് തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. തനിച്ച് മത്സരിക്കുന്ന ടി.വി.കെ സംസ്ഥാനത്തെ 234 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പരിചയപ്പെടുത്തി. ഇതിൽ 24 പേർ വനിതകളാണ്.
ടി.വി.കെയും ഡി.എം.കെയും തമ്മിലാണ് മുഖ്യ മത്സരമെന്ന് വിജയ് പറഞ്ഞു. കീറിയ തുണി തയ്ച്ചുവെച്ച പോലെയാണ് ഡി.എം.കെ സഖ്യം. സാധാരണ ജനങ്ങളും അധികാരത്തിന്റെ മത്തുപിടിച്ച കുടുംബത്തിന്റെ കീഴിലുള്ള അടിമകളും തമ്മിലുള്ള പോരാട്ടമാണിത്. ടി.വി.കെ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുന്നത് തനിക്ക് ചെയ്യുന്നതുപോലെ കരുതി മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

