തമിഴക തെരഞ്ഞെടുപ്പ്; ബൂത്തുകളിൽ കണ്ടത് യുവജനങ്ങളുടെയും സ്ത്രീകളുടെയും നീണ്ടനിര
text_fieldsരാജ്യസഭ എം.പിയും നടനുമായ കമൽ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും ചെന്നൈയിലെ ആൽവാർപേട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം
ചെന്നൈ: ഒറ്റഘട്ടത്തിൽ പൂർത്തിയായ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിൽ വൻ അനിഷ്ടസംഭവങ്ങളുണ്ടായില്ല. തിരുപ്പത്തൂർ നിയമസഭ മണ്ഡലത്തിൽ ടി.വി.കെ പ്രവർത്തകനായ ശക്തിവേൽ ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് അറസ്റ്റിലായി. ബൂത്തിലെ സി.സി.ടി.വി പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമാണ് നടപടിയുണ്ടായത്.
മധുര ചോഴവന്താൻ നിയമസഭ മണ്ഡലത്തിൽപ്പെട്ട അലങ്കാനല്ലൂരിലെ ബൂത്തിൽ യന്ത്രത്തകരാർ മൂലം കുറച്ചുസമയം വോട്ടിങ് തടസ്സപ്പെട്ടു. ചെന്നൈ ആഴ്വാർപേട്ടയിലെ ബൂത്തിൽ ഡി.എം.കെ- ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും നടന്നു. തിരിച്ചറിയൽ കാർഡില്ലാതെ ചില വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയെന്ന ആരോപണത്തെ തുടർന്നാണിത്. തിരുപ്പത്തൂർ വാണിയമ്പാടി പെരിയപേട്ടയിൽ 73ാമത് ബൂത്തിൽ വോട്ടെടുപ്പ് അൽപസമയം നിർത്തിവെച്ചു. ടി.വി.കെ- ഡി.എം.കെ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണിത്. ഒരു സ്ത്രീ വോട്ടർ രണ്ടുതവണ ബൂത്തിലെത്തിയെന്ന കാരണത്താലാണ് സംഘർഷം.
ഈറോഡ് കുമളൻകുൈട്ട ബൂത്തിൽ ദിനേഷ് എന്നയാളുടെ പേരിൽ കള്ളവോട്ട് രേഖപ്പെടുത്തിയത് ബഹളത്തിനിടയാക്കി. തുടർന്ന് ദിനേഷിന് 49 (ഒ) വകുപ്പ് പ്രകാരം വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി. തിരുനെൽവേലി നാങ്കനേരി പെരുമ്പത്ത് ഗ്രാമത്തിലെ വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. ഇവിടെ ഈയിടെ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ചാണിത്. 969 വോട്ടുകളാണ് ഇവിടെയുള്ളത്. ശീർകാഴി മുതലൈമേട് എന്ന ഗ്രാമത്തിലും റോഡ് സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ബഹിഷ്കരണം നടന്നു. തിരുനെൽവേലി പാളയംകോട്ട റോസ്മേരി സ്കൂളിലെ ബൂത്തിൽ യന്ത്രം പ്രവർത്തിക്കാത്തതിനാൽ വോട്ടെടുപ്പ് ആരംഭിക്കാൻ ഏറെ വൈകി.
ചെന്നൈ തുറമുഖം നിയമസഭ മണ്ഡലത്തിൽ വോട്ടെടുപ്പ് അവസാനിച്ച ഘട്ടത്തിൽ ഡി.എം.കെ സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ ശേഖർബാബുവും ടി.വി.കെ സ്ഥാനാർഥി സിനോറ അശോകും തമ്മിൽ വാക്കേറ്റമുണ്ടായി. സേലം വെസ്റ്റ് നിയമസഭ മണ്ഡലം അത്തിക്കാട്ടന്നൂരിലെ ഡി.എം.കെ ബൂത്ത് ഏജന്റായ മാരിയപ്പൻ കുഴഞ്ഞുവീണ് മരിച്ചത് പരിഭ്രാന്തി പരത്തി.
ബുധനാഴ്ച വൈകീട്ടും പോളിങ് ദിവസം ഉച്ചവരെയും ചെന്നൈയിലെ പ്രധാന ബസ് സ്റ്റാൻഡുകളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭൂരിഭാഗം യാത്രക്കാരും തമിഴ്നാടിന്റെ വിവിധ ജില്ലകളിലേക്ക് വോട്ടുചെയ്യാൻ പോവുകയായിരുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വേണ്ടത്ര ബസ് സൗകര്യമേർപ്പെടുത്തിയില്ലെന്ന് വിവിധ രാഷ്ട്രീയകക്ഷികൾ പരാതിപ്പെട്ടു. എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്കരണവും വാശിയേറിയ ചതുഷ്കോണ മത്സരവും സമൂഹ മാധ്യമങ്ങളുടെ സ്വാധീനവുമാണ് വോട്ടിങ് ശതമാനം കൂടാൻ കാരണമായതെന്നാണ് പൊതുവായ വിലയിരുത്തൽ. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി രാവിലെ മുതൽതന്നെ യുവജനങ്ങളുടെയും സ്ത്രീകളുടെയും നീണ്ടവരികളാണ് ബൂത്തുകളിൽ കാണാനായത്. സംസ്ഥാന സർക്കാർ സ്ത്രീ സമൂഹത്തിന് നൽകിയ ക്ഷേമ-ധനസഹായ പദ്ധതികളും വിവിധ രാഷ്ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ‘വിജയ് ഫാക്ടറും’ ആണ് ഇതിന് കാരണമായതെന്ന് പറയപ്പെടുന്നു. വോട്ടർമാരുടെ ആവേശം സ്റ്റാലിൻ സർക്കാറിന് അനുകൂലമായും പ്രതികൂലമായുമുള്ള തരംഗമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

